
കോട്ടയം: ഗൂഗിളിലൂടെ കള്ളനോട്ട് നിർമ്മാണം പഠിച്ച് നോട്ടടിച്ച് ചെറുകിട കച്ചവടക്കാരെ പറ്റിച്ച അമ്മയും മകളും പിടിയിൽ. അമ്പലപ്പുഴ കലവൂർ ക്രിസ്തുരാജ് കോളനിയിൽ പറമ്പിൽ വീട്ടിൽ വിലാസിനി (68), മകൾ ഷീബ (34) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റുചെയ്തത്. ഷീബ അച്ചടിക്കുന്ന നോട്ടുകൾ വിലാസിനിയിലൂടെ ചെറുകിട കച്ചവടക്കാർക്ക് നൽകി സാധനങ്ങൾ വാങ്ങുന്നതാണ് പതിവ്.
കഴിഞ്ഞ ദിവസം നഗരത്തിലെ ലോട്ടറി കടയിലെത്തിയ വിലാസിനി നൽകിയ നോട്ടിൽ സംശയം തോന്നിയ കടയുടമയാണ് പൊലീസിനെ വിവരമറിയിച്ചത്. 100 രൂപയുടെ 14 വ്യാജനോട്ടുകൾ പൊലീസ് വിലാസിനിയിൽ നിന്ന് കണ്ടെടുത്തു. തുടർന്ന് ഇവർ വാടകയ്ക്ക് താമസിക്കുന്ന കുറിച്ചി കാലായിപ്പടിയിലെ വീട്ടിലെത്തി നടത്തിയ പരിശോധനയിൽ കട്ടിലിനടിയിൽ ഒളിപ്പിച്ച് വച്ചിരുന്ന 500 രൂപയുടെതടക്കമുള്ള ഒട്ടേറെ കള്ളനോട്ടുകളും ഇവ നിർമ്മിക്കാൻ ഉപയോഗിച്ച ലാപ്‌ടോപ്പ്, പ്രിന്റർ, സ്‌കാനർ എന്നിവയും കണ്ടെടുത്തു. ഗൂഗിളിലൂടെയാണ് കള്ളനോട്ട് നിർമ്മാണം പഠിച്ചതെന്ന് ഷീബ മൊഴി നൽകി. ഭർത്താവ് മരിച്ചുപോയ വിലാസിനിക്ക് മറ്റ് മക്കളുണ്ടെങ്കിലും അവരുമായി പിരിഞ്ഞ് ഷീബയ്‌ക്കൊപ്പമായിരുന്നു താമസം.
വെസ്റ്റ് എസ്.എച്ച്.ഒ അനൂപ് കൃഷ്ണ, എസ്.ഐ.ടി ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.