
വടക്കാഞ്ചേരി : വരവൂരിലെ രാമൻകുളങ്ങരയിൽ ആളൊഴിഞ്ഞ പറമ്പിൽ ഭൂമിദോഷം ഒഴിവാക്കാൻ അർദ്ധരാത്രിയിൽ തോക്കുൾപ്പെടെയുള്ള ആയുധങ്ങളുമായി, മന്ത്രവാദം ചെയ്ത സംഭവത്തിൽ പൂജ നടത്തിയ ആളെ നാട്ടുകാർ ചേർന്ന് പൊലീസിലേൽപ്പിച്ചു. രണ്ട് ദിവസമായി ഇവിടെ അർദ്ധരാത്രിയിൽ പൂജ നടന്നിരുന്നതായി നാട്ടുകാർ പറഞ്ഞു.
ആളൊഴിഞ്ഞ പറമ്പിൽ തീ കണ്ടതിനെ തുടർന്നാണ് നാട്ടുകാർ സംഭവ സ്ഥലത്തെത്തിയത്.
സിമന്റ് ഇഷ്ടിക കൊണ്ടുണ്ടാക്കിയ ഹോമകുണ്ഡത്തിൽ മുളകും, മസാല പൊടികളും ഉപയോഗിച്ചായിരുന്നു ഹോമം. എയർഗണും, കത്തി, വാൾ, കോടാലി, വെട്ടുകത്തി തുടങ്ങിയ ആയുധങ്ങളും പൂജ നടക്കുന്നയിടത്ത് നിന്ന് കണ്ടെത്തി. എന്നാൽ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. മുള്ളൂർക്കര സ്വദേശി ശങ്കർപ്രസാദ് എന്നയാൾ വാങ്ങിയതാണ് പൂജ നടത്തിയ ഭൂമി. ഇയാൾ ജോത്സ്യനും, പൂജാരിയുമാണ്. സ്ഥലത്ത് ഭൂത പ്രേതബാധയുള്ളതായി തോന്നിയ ഇയാൾ വീട് വയ്ക്കുന്നതിന് മുമ്പ് ഇതൊഴിവാക്കാനായാണ് പൂജ നടത്തിയതെന്നാണ് പറഞ്ഞത്. കാടു പിടിച്ചു കിടക്കുന്ന പറമ്പിൽ ജന്തുക്കളുടെ സാന്നിദ്ധ്യം ഉണ്ടാകുമെന്ന് കരുതിയാണ് എയർ ഗണ്ണടക്കമുള്ള ആയുധം കരുതിയത്.
വഴി വെട്ടി തെളിക്കാനായാണ് വെട്ടുകത്തിയും മറ്റും, കൈവശം വെച്ചത്. വഴി വെട്ടി തെളിക്കാനുണ്ടായിരുന്ന തൊഴിലാളിയെയും സ്റ്റേഷനിൽ കൊണ്ടുവന്നിരുന്നു. മദ്യവും, കോഴിയും പൂജയ്ക്കായി കൊണ്ടുവന്നിരുന്നു. ഇയാൾ വാങ്ങിയ ഭൂമിയിൽ വീട് വയ്ക്കാനായി തറ കെട്ടിയിട്ടുണ്ട്. അസ്വാഭാവികത ഇല്ലാത്തതിനാൽ ഇയാളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചതായി എരുമപ്പെട്ടി പൊലീസ് അറിയിച്ചു. ദുരൂഹതയുണ്ടെന്ന് നാട്ടുകാർ വീണ്ടും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യലിനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.