aap

ന്യൂഡൽഹി: ഗുജറാത്ത് നിയമസഭയിലേക്കും ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിലേക്കും (MCD) നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ ദയനീയ പരാജയം ഭയന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ കൊലപ്പെടുത്താൻ ബി ജെ പി ഗൂഢാലോചന നടത്തുകയാണെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയ രംഗത്തെത്തി. ഗൂഢാലോചനയിൽ ബി ജെ പി നേതാവും എം പിയുമായ മനോജ് തിവാരിക്ക് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

"ഗുജറാത്ത് തിരഞ്ഞെടുപ്പിലും എം സി ഡി തിരഞ്ഞെടുപ്പിലും പരാജയം ഭയന്ന് ബിജെപി അരവിന്ദ് കേജ്‌രിവാളിനെ കൊല്ലാൻ ഗൂഢാലോചന നടത്തുകയാണ്. ബി ജെ പി എംപി മനോജ് തിവാരി തന്റെ ഗുണ്ടകളോട് അരവിന്ദ് കേജ്‌രിവാളിനെ ആക്രമിക്കാൻ പരസ്യമായി ആവശ്യപ്പെടുന്നു, അവർ അത് പൂർണ്ണമായും ആസൂത്രണം ചെയ്തിട്ടുണ്ട്. അവരുടെ വിലകുറഞ്ഞ രാഷ്ട്രീയത്തെ ഞങ്ങൾ ഭയപ്പെടുന്നില്ല. ഇപ്പോൾ അവരുടെ ഗുണ്ടായിസത്തിന് ജനങ്ങൾ ഉത്തരം നൽകും"- മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു. എന്നാൽ മനീഷ് സിസോദിയുടെ പരാമർശത്തോട് ബി ജെ പി പ്രതികരിച്ചിട്ടില്ല.

കേജ്‌രിവാളിന്റെ സുരക്ഷയിൽ മനോജ് തിവാരി ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സിസോദിയയുടെ പരാമർശം. തുടർച്ചയായ അഴിമതി, സീറ്റ് വില്പന, ബലാത്സംഗം ചെയ്തയാളുമായുള്ള സൗഹൃദം, ജയിൽ മസാജ് വിവാദം എന്നിവയിൽ ജനങ്ങൾ ആകെ രോഷാകുലരായതിനാൽ കേജ്‌രിവാളിന്റെ സുരക്ഷയിൽ തനിക്ക് ആശങ്കയുണ്ടെന്നായിരുന്നു മനോജ് തിവാരിയുടെ ട്വീറ്റ്.

ഗുജറാത്ത് നിയമസഭയിലേക്കും എം സി ഡി യിലേക്കും ബി ജെ പിയും ആം ആദ്മിയും തമ്മിൽ കനത്ത പോരാട്ടത്തിലാണ്. എം സി ഡി തിരഞ്ഞെടുപ്പിൽ ജയം ആവർത്തിക്കുമെന്നും ഗുജറാത്തിൽ അധികാരം പിടിക്കുമെന്നാണ് ആം ആദ്മിയുടെ അവകാശവാദം. എന്നാൽ ഇതെല്ലാം വെറും വ്യാമോഹം മാത്രമാണെന്നാണ് ബി ജെ പി പറയുന്നത്.