toyota-fortuner

ഇന്ത്യയിലെ സമ്പന്ന വിഭാഗത്തിന്റെ ഇഷ്ടവാഹനമാണ് ടൊയോട്ട ഫോർച്യൂണർ. ഈ വാഹനം നിരത്തിലിറക്കണമെങ്കിൽ നാൽപ്പത് ലക്ഷത്തിനും മുകളിൽ ചെലവാക്കേണ്ടി വരും. എന്നാൽ കേവലം നാല് ലക്ഷത്തിന് ഫോർച്യൂണർ വിൽപ്പനയ്ക്ക് എത്തിക്കുന്ന ഒരു സംഘത്തെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിക്കുന്ന വാഹനമാണ് ഇവർ ഇത്തരത്തിൽ വിൽപ്പനയ്ക്ക് എത്തിച്ചിരുന്നത്. ഡൽഹി പൊലീസിന്റെ അന്വേഷണത്തിൽ മുപ്പതോളം ഫോർച്യൂണറുകളാണ് അന്തർസംസ്ഥാന സംഘം കവർന്നതെന്ന് കണ്ടെത്തി.


വിൽപ്പന ആസാമിലേക്ക് മാത്രം

ഡൽഹിയിൽ നിന്നുമാണ് പ്രതികൾ പ്രധാനമായും ഫോർച്യൂണറുകൾ മോഷ്ടിച്ചിരുന്നതെങ്കിലും അത് വിൽപ്പന നടത്തിയിരുന്നത് ആസാമിൽ മാത്രമായിരുന്നു. ആസാമിൽ നിന്നും ആരെങ്കിലും ഫോർച്യൂണർ വേണമെന്ന് അറിയിച്ചാൽ മാത്രമേ ഈ സംഘം മോഷണത്തിന് ഇറങ്ങാറുള്ളു. മോഷണ മുതൽ അധിക നേരം ഇവർ കൈവശം സൂക്ഷിക്കാറില്ല. മോഷ്ടിച്ചാൽ ഉടൻ തന്നെ ആസാമിലേക്ക് കൊണ്ടുപോയി ആവശ്യക്കാരന് കൈമാറുന്നതാണ് ഇവരുടെ രീതി.

toyota-fortuner

പടിഞ്ഞാറൻ ഡൽഹിയിൽ നിന്നും ഫോർച്യൂണർ മോഷണം പോയെന്ന വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് വാഹനമോഷ്ടാക്കളെ പിടികൂടാൻ കാരണമായത്. സിസിടിവി പരിശോധിച്ച പൊലീസ് മോഷണം പോയ കാർ ഉത്തംനഗറിൽ കണ്ടെത്തി. എന്നാൽ ഇതിനകം മോഷ്ടാക്കൾ വാഹനത്തിൻെറ രജിസ്‌ട്രേഷൻ പ്ലേറ്റുകൾ മാറ്റിയിരുന്നു. തുടർന്ന് കാർ എടുക്കാൻ മോഷ്ടാക്കൾ വീണ്ടും വരുന്നത് വരെ പൊലീസ് കാത്തിരുന്നു. ഉദ്ദേശം 15 മണിക്കൂറിന് ശേഷമാണ് കാർ കൊണ്ടുപോകാൻ ഒരാളെത്തിയത്. ഓൺലൈൻ ടാക്സിയിലെത്തിയ ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സംഘത്തിലെ ബാക്കിയുള്ളവരെ കുറിച്ചും, അവരുടെ പ്രവർത്തനത്തെ കുറിച്ചുമുള്ള വിവരങ്ങൾ ലഭിച്ചത്. അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ഫോർച്യൂണർ മോഷ്ടിക്കുവാൻ ഹൈടെക് ഉപകരണങ്ങളാണ് സംഘം ഉപയോഗിച്ചിരുന്നത്.