photo

ഇന്ന് ഭരണഘടനാ ദിനമാണ്. രാജ്യത്തിന്റെ അടിത്തറയെന്ന് വിശേഷിപ്പിക്കാവുന്ന ഇന്ത്യയുടെ ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ചിട്ട് എഴുപത്തിമൂന്ന് വർഷം. ഇന്ത്യൻ ഭരണഘടന, രാജ്യത്തെ ഓരോ പൗരന്റേയും അവകാശങ്ങളെയും ചുമതലകളെയും കുറിച്ച് ബോദ്ധ്യപ്പെടുത്തുന്നുണ്ട്. ലോകത്തിലെ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടനയാണ് നമ്മുടേത്. അത് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഉത്‌പന്നമാണ്. ഭരണഘടനയുടെ തത്വങ്ങളും ആശയങ്ങളും അതിന്റെ ആമുഖത്തിൽ തന്നെ ചുരുക്കി അവതരിപ്പിക്കുന്നുണ്ട്. ഭരണഘടനയുടെ ആത്മാവ് എന്നാണ് ആമുഖത്തെ വിശേഷിപ്പിക്കാറ്. ജവഹർലാൽ നെഹ്റുവാണ് ആമുഖത്തിന്റെ ശിൽപി. 1946 ഡിസംബർ 13 ന് നെഹ്റു അവതരിപ്പിച്ച ലക്ഷ്യപ്രമേയമാണ് ആമുഖമായി മാറിയത്. 1976ലെ 42 -ാം ഭേദഗതിയിലൂടെയാണ് സോഷ്യലിസം, മതേതരത്വം, അഖണ്ഡത എന്നീ വാക്കുകൾ ഭരണഘടനയുടെ ആമുഖത്തിൽ കൂട്ടിച്ചേർത്തത്. അവ സംരക്ഷിക്കാനുള്ള യത്നത്തിലാണ് രാജ്യത്തെ ജനാധിപത്യവാദികൾ.

ഓരോ ഇന്ത്യക്കാരന്റെയും ജീവിതത്തിൽ നിറഞ്ഞുനിൽക്കുന്ന, ദിശാബോധം നൽകുന്ന ആധികാരിക മാർഗരേഖയാണ് ഭരണഘടന. നമ്മളെല്ലാവരും അത് അംഗീകരിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരം എന്നത് ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ബഹുസ്വരതയാണ്. ജനാധിപത്യവും മതനിരപേക്ഷതയുമാണ് ഭരണഘടനയുടെ ഉൾക്കാമ്പ്. ഭരണനിർവഹണം, നിയമനിർമാണം, നീതിന്യായ പരിപാലനം തുടങ്ങിയ ഭരണയന്ത്രത്തിന്റെ വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലും കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാരുകൾ, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയ വ്യത്യസ്ത മേഖലകൾ തമ്മിലുമുള്ള ബന്ധങ്ങൾ നിർണയിക്കുകയും നിർവചിക്കുകയും ചെയ്യുന്നത് ഭരണഘടനയാണ്. പ്രാരംഭത്തിൽ 22 ഭാഗവും 395 അനുച്ഛേദങ്ങളും ഒൻപത് പട്ടികയുമുണ്ടായിരുന്ന ഭരണഘടനയായിരുന്നു. നൂറിലധികം ഭേദഗതികളിലൂടെ അമ്പതിലധികം അനുച്ഛേദങ്ങളും മൂന്ന് പട്ടികകളും നമ്മുടെ ഭരണഘടനയിൽ കൂട്ടിചേർക്കുകയുണ്ടായി.

ഭരണഘടനയിൽ ഭേദഗതികളും പൊളിച്ചെഴുത്തും കൂട്ടിച്ചേർക്കലും വേണമെന്ന് പല ഘട്ടങ്ങളിലും പലരും ആവശ്യപ്പെട്ടിട്ടുണ്ട്. അതിൽ മിക്ക ആവശ്യങ്ങളും നമ്മുടെ ഭരണഘടനയുടെ ജനാധിപത്യത്തിന്റെയും സമത്വാശയങ്ങളുടെയും ഭാഗം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായിരുന്നു. ആ കാഴ്ചപ്പാടിലാവണം നാമോരോരുത്തരും ഇന്ത്യൻ ഭരണഘടനയെ സമീപിക്കേണ്ടത്. ഭരണഘടനയെ നോക്കുത്തിയാക്കി കൊണ്ടുള്ള പല കുപ്രസിദ്ധ നീക്കങ്ങളും നമ്മുടെ രാജ്യത്തുണ്ടായിട്ടുണ്ട്. കേരള നിയമസഭയിൽ ഭൂരിപക്ഷമുണ്ടായിരുന്ന ഇ.എം.എസ് സർക്കാരിനെ ഭരണഘടനയുടെ 356 -ാം വകുപ്പ് ഉപയോഗിച്ച് പിരിച്ചുവിട്ട നടപടി ഇതിന് ഉദാഹരണമാണ്. ജനാധിപത്യത്തെ ദുർബലപ്പെടുത്തിയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് നടപ്പിലാക്കിയത് മറ്റൊരു ഉദാഹരണമാണ്. ഇപ്പോൾ രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും പൗരാവകാശവും മാദ്ധ്യമ സ്വാതന്ത്ര്യവും ഭരണഘടനാമൂല്യങ്ങളും കവരുകയാണെന്നും പറഞ്ഞുകൊണ്ട് നിരവധി പ്രക്ഷോഭങ്ങൾ ഉയർന്നുവരുമ്പോൾ, ഭരണഘടനാ തത്വങ്ങൾ അട്ടിമറിക്കപ്പെടരുതെന്ന മുദ്രാവാക്യം പ്രസക്തമാണ്.

ഭരണകൂടത്തെ ഉപയോഗിച്ചുകൊണ്ട് ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ നടക്കുന്നുവെന്ന ആക്ഷേപം ശക്തമായുണ്ട്. പൗരത്വ നിയമഭേദഗതി പാർലമെന്റിൽ പാസാക്കിയത് ഇതിനൊരു ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 'ഭരണഘടന എത്ര നല്ലതാണെങ്കിലും അത് നടപ്പാക്കുന്നവർ നല്ലതല്ലെങ്കിൽ അത് ചീത്തയാകു'മെന്ന് 1949 നവംബർ 25ന് ഭരണഘടനാ അസംബ്ലിയിൽ അംബേദ്കർ നൽകിയ മുന്നറിയിപ്പാണ് ഇത്തരം നീക്കങ്ങളുണ്ടാവുമ്പോൾ ഓർമ്മ വരുന്നത്. രാജ്യത്ത് പതിനൊന്നോളം സംസ്ഥാനങ്ങൾക്ക് ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പ്രത്യേക പദവികളോ പരിഗണനകളോ ഉണ്ട്. അതെല്ലാം നിലനിറുത്തിക്കൊണ്ടുതന്നെ ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളയുന്നത് നാം കണ്ടു. അതുപോലെ കാർഷിക ഭേദഗതി നിയമം, തൊഴിൽ നിയമം, അയോദ്ധ്യാ വിധി നടപ്പാക്കൽ തുടങ്ങിയവയെല്ലാം ഭരണഘടനാപരമായിരുന്നോ എന്ന കാര്യത്തിലും വ്യാപക ചർച്ചകൾ നടന്നുവരുന്നു. മതത്തിന്റെ പേരിൽ പൗരത്വം നിഷേധിക്കാൻ പാടില്ലെന്നും വിവേചനമോ പ്രീണനമോ പാടില്ലെന്നും ഭരണഘടന ഊന്നിപ്പറയുന്നു. പരമാധികാര, സോഷ്യലിസ്റ്റ്, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക് എന്നാണ് നമ്മുടെ റിപ്പബ്ലിക്കിന് ഭരണഘടന നൽകിയ വിശേഷണങ്ങൾ. ഇതിലെ മതനിരപേക്ഷത ഉൾപ്പെടെയുള്ള വിശേഷണങ്ങൾ അനാവശ്യമാണെന്ന് പറഞ്ഞുകൊണ്ട് അത്തരം മൂല്യങ്ങളെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ രാജ്യത്തിന്റെ പല ഭാഗത്തും അരങ്ങേറുന്നുണ്ട്. ഭരണഘടനയെ പിച്ചിച്ചീന്താനുള്ള ഇത്തരം നീക്കങ്ങളെ ജനാധിപത്യ, മതനിരപേക്ഷ വാദികൾ ചെറുത്ത് തോൽപ്പിക്കണം. ഭരണഘടനാ സംരക്ഷണത്തിന് പ്രാധാന്യമേറെയുണ്ട് ഇന്ന്. ഇന്ത്യൻ ഭരണഘടനയോട് പ്രതിബദ്ധത പുലർത്തി പ്രവർത്തിക്കാനും ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷ ജനാധിപത്യം, ഫെഡറലിസം, സാമൂഹ്യനീതി, സാമ്പത്തിക പരമാധികാരം തുടങ്ങിയവയെല്ലാം സംരക്ഷിക്കാനുമുള്ള ശക്തമായ പ്രവർത്തനങ്ങൾ കേരളത്തിൽ നിന്ന് ഉയർന്നുവരണം. ഭരണഘടനയെക്കുറിച്ചുള്ള അറിവ് ഈ കാലഘട്ടത്തിൽ പരമപ്രധാനമാണ്. കേരള നിയമസഭ ഓരോ മലയാളിക്കും ഭരണഘടനാ സാക്ഷരത പകർന്നുനൽകാനുള്ള വിപുലമായ ഒരു കാമ്പയിന് രാജ്യത്തിന്റെ ഭരണഘടനാ ദിനമായ ഇന്ന് തുടക്കം കുറിക്കുകയാണ്. കുടുംബശ്രീയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ കാമ്പയിനിലൂടെ സംസ്ഥാനത്തെ 45 ലക്ഷത്തിലേറെ കുടുംബങ്ങളിലേക്ക് ഭരണഘടനയെക്കുറിച്ചുള്ള അറിവ് എത്തിക്കാനാവുമെന്നാണ് പ്രതീക്ഷ. കുടുംബശ്രീയുടെ യൂണിറ്റ് മുതലുള്ള വിവിധതലങ്ങളിൽ നടക്കുന്ന ആ കാമ്പയിനിലൂടെ ഭരണഘടനയുടെ ആവിർഭാവത്തെക്കുറിച്ചും ഭരണഘടനാമൂല്യങ്ങളെ സംബന്ധിച്ചും വിപുലമായ ബോധവത്‌കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. ഭരണഘടനാ സാക്ഷരതാ യജ്ഞത്തിന് ഭരണപ്രതിപക്ഷ ഭേദമില്ലാതെ എല്ലാ ജനാധിപത്യ വിശ്വാസികളുടേയും സഹകരണം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ നിലനിൽപ്പ് ആഗ്രഹിക്കുന്നവർക്ക് ഭരണഘടനയെ പ്രകാശിപ്പിക്കാതിരിക്കാനാവില്ല. അതിന്റെ വെളിച്ചത്തിലാണല്ലോ വരുംതലമുറ വളരേണ്ടത്.