signal

പൊതുവിൽ മൊബൈൽ ഫോണുകളെക്കുറിച്ചും മൊബൈൽ ടവറുകളെക്കുറിച്ചുമുള‌ള ആശങ്കകളിൽ ഒന്നാണ് ഇവയിലെ റേഡിയേഷൻ. കനത്ത റേഡിയേഷൻ പുറത്തുവരുന്നുണ്ടെന്നും ഇത് അപകടകരമാണെന്നുമാണ് പൊതുവിൽ മൊബൈൽ ടവറുകളെക്കുറിച്ച് പറയപ്പെടുന്നത്. എന്നാൽ ഒരു കൂട്ടം വിദഗ്ദ്ധരായ ഗവേഷകർ നടത്തിയ അതീവ ഗഹനമായ ഗവേഷണത്തിൽ മൊബൈൽ ടവറിലെ റേഡിയേഷൻ പ്രത്യേകിച്ച് ഒരപകടവും ഉണ്ടാക്കുന്നില്ല എന്ന് കണ്ടെത്തി.

കുറഞ്ഞ ശക്തിയുള‌ള അയോണൈസ്‌ഡ് അല്ലാത്ത വികിരണങ്ങൾ മനുഷ്യന് പ്രത്യേകിച്ച് ആപത്തൊന്നും ഉണ്ടാക്കുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. 1532 ടവറുകളാണ് പരിശോധിച്ചത്. ഈ വർഷം ഏപ്രിൽ മുതൽ നവംബർ വരെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിലെ നോർത്ത് ഈസ്‌റ്റ് സർവീസ് ഏരിയയാണ് പരിശോധിച്ചത്.

ആരോഗ്യ മന്ത്രാലയ ഉപദേഷ്‌ടാവും ഒഇഎം പ്രോഗ്രാം ഡയറ്‌ടറുമായ ഡോ.തുഷാർ കാന്ത് ജോഷി ഒരു വെബിനാറിൽ പറയുന്നതനുസരിച്ച് മൊബൈൽ ടവറുകൾ കുറഞ്ഞ ശക്തിയുള‌ള അയോണൈസ് ചെയ്യാത്ത വികിരണങ്ങൾ പുറപ്പെടുവിക്കുന്നതായി കണ്ടെത്തി. എന്നാൽ ഇവ ഒട്ടും മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമല്ല എന്നാണ്. മൊബൈൽ ടവറുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളെ കണക്കിലെടുക്കേണ്ടതും ആധികാരകമായ ഒരു മറുപടി നൽകേണ്ടതും അത്യാവശ്യമാണെന്നും മൊബൈൽ ടവറുകൾ അപകടകാരികളാണെന്ന് വൈദ്യശാസ്‌ത്രപരമോ ഗവേഷണപരമോ ആയ കണ്ടെത്തലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെബിനാറിൽ പങ്കെടുത്ത മറ്റ് വിദഗ്ദ്ധരും ഈ അഭിപ്രായത്തോട് യോജിപ്പ് പ്രകടിപ്പിച്ചു. രാജ്യത്തിന്റെ പുരോഗതിയ്‌ക്കും മൊബൈൽ കണക്‌ടിവിറ്റിയ്‌ക്കും കടുത്ത വെല്ലുവിളിയായ തെറ്റായ പ്രചാരണങ്ങൾ നിരാകരിക്കണമെന്ന് എട്ടോളം ഹൈക്കോടതി വിധികളും രാജ്യത്തുണ്ട്.