സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തർക്ക് അഞ്ചുഭാഷകളിലെ അറിയിപ്പുകളുമായി സേവനം നൽകുകയാണ് വലിയനടപ്പന്തലിലെ ദേവസ്വം പബ്ലിക് റിലേഷൻസ് വിഭാഗത്തിൽ ജോലിചെയ്യുന്ന ബംഗളുരു മേടഹള്ളി സ്വദേശി ആർ എം ശ്രീനിവാസ്. കഴിഞ്ഞ 24 വർഷങ്ങളായി സന്നിധാനത്തെ ദേവസ്വം പബ്ലിസിറ്റി കം ഇൻഫർമേഷൻ ഓഫീസിൽ ഇദ്ദേഹമുണ്ട്. അടുത്തവർഷം 25 വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ ഇവിടത്തെ തന്റെ സേവനം അവസാനിപ്പിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. മുൻ ബി എസ് എഫ് ഉദ്യോഗസ്ഥനായ ശ്രീനിവാസ് തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് ഭക്തർക്ക് അറിയിപ്പുകൾ നൽകുന്നത്.

sreenivas-

​​​​​​ഉച്ചഭാഷിണിയിലൂടെ അറിയിപ്പ് നൽകുന്നതിന് പുറമേ, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരുടെ സംശയങ്ങൾക്കും ഇദ്ദേഹം മറുപടി നൽകാറുണ്ട്. ശബരിമലയിലെ പൂജകൾ, വഴിപാടുകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങളും, കൂട്ടം തെറ്റിയെത്തിയ ആളുകളെ കുറിച്ചുള്ള വിവരങ്ങളും, കളഞ്ഞ് കിട്ടുന്ന സാധനങ്ങളെ കുറിച്ചുമെല്ലാം ഇദ്ദേഹം സമയാസമയങ്ങളിൽ അനൗൺസ്‌മെന്റ് നടത്താറുണ്ട്. മലയാള ഭാഷയും ശ്രീനിവാസനു നന്നായി വഴങ്ങും. സന്നിധാനം ഇൻഫർമേഷൻ സെന്ററിൽ രണ്ട് ഷിഫ്റ്റുകളിലായി പതിനഞ്ച് പേരാണ് ജോലി ചെയ്യുന്നത്.