ജനുവരി രണ്ടാം വാരം ക്രിസ്റ്റഫർ പിന്നാലെ ഏജന്റ്

പുതുവർഷാരംഭത്തിൽ രണ്ടു മമ്മൂട്ടി ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നതിന്റെ ആവേശത്തിൽ ആരാധകർ. മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ, തെലുങ്ക് ചിത്രമായ ഏജന്റ് എന്നിവയാണ് ചിത്രങ്ങൾ. ക്രിസ്റ്റഫർ ജനുവരി രണ്ടാം വാരവും ഏജന്റ് അവസാന ആഴ്ചയും റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. വൻതാരനിരയിൽ ഒരുങ്ങുന്ന ക്രിസ്റ്റഫറിൽ തെന്നിന്ത്യൻ നടൻ വിനയ് റായ് ആണ് പ്രതിനായകൻ. സ്നേ ഹ, അമല പോൾ, എെശ്വര്യ ലക്ഷമി എന്നിവരാണ് നായികമാർ. സിദ്ധിഖ്, ദിലീഷ് പോത്തൻ, ഷൈൻ ടോം ചാക്കോ, അദിതി രവി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷത്തിൽ.മമ്മൂട്ടി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ രചന ഉദയ കൃഷ്ണ നിർവഹിക്കുന്നു. ആറാട്ടിനു ശേഷം ബി. ഉണ്ണിക്കൃഷ്ണനും ഉദയകൃഷ്ണയും വീണ്ടും ഒന്നിക്കുന്നു എന്നതാണ് പ്രത്യേകത. യുവതാരവും നാഗാർജുന - അമല ദമ്പതികളുടെ മകനുമായ അഖിൽ അക്കിനേനി നായകനാവുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രം ഏജന്റിൽ തുല്യപ്രധാന വേഷമാണ് മമ്മൂട്ടിക്ക്. പട്ടാള ഉദ്യോഗസ്ഥന്റെ വേഷമാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.
ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രം സുരേന്ദർ റെഡ്ഡിയാണ് സംവിധാനം. വൈ.എസ്. ആറിന്റെ ജീവിതം പറഞ്ഞ യാത്രക്കുശേഷം മെഗാസ്റ്റാർ അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ഏജന്റ്. ഹോളിവുഡ് ത്രില്ലർ ബോൺ സീരിസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന ചിത്രത്തിന് ഹിപ് ഹോപ്പ് തമിഴ് ആണ് സംഗീതം.