bjp

ചെന്നെെ: തമിഴ്നാട്ടിൽ സഹപ്രവർത്തകയ്ക്കെതിരെ മോശം പരാമർശം നടത്തിയ ബി ജെ പി നേതാവിന് സസ്‌പെൻഷൻ. തമിഴ്നാട് ബി ജെ പിയുടെ ഒ ബി സി വിഭാഗം നേതാവ് തൃച്ചി സൂര്യ ശിവയെയാണ് കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ന്യൂനപക്ഷ നേതാവ് ഡെയ്സി സരണുമായി ഫോണിൽ സംസാരിക്കുന്നതിനിടെയാണ് സൂര്യ ശിവ അധിക്ഷേപ പരാമർശം നടത്തിയത്. ഇതിന്റെ ഓഡിയോ പ്രചരിച്ചതോടെ പാർട്ടി സൂര്യയോട് തിരുപ്പൂരിലെ ബി ജെ പി ഓഫീസിലെ സമിതി മുൻപാകെ ഹാജരാവാൻ ആവശ്യപ്പെട്ടു. ആറ് മാസത്തേക്കാണ് സസ്‌പെൻഷൻ. മുതിർന്ന ഡി എം കെ നേതാവും രാജ്യസഭാ എം പിയുമായ തൃച്ചി ശിവയുടെ മകനാണ് സൂര്യ ശിവ. 2022 മേയിലാണ് ഇയാൾ ബി ജെ പിയിൽ ചേർന്നത്.

സസ്പെൻഷൻ കാലയളവിൽ പാർട്ടിയുടെ എല്ലാ നേതൃപദവിയിൽ നിന്നും ഇദ്ദേഹത്തെ മാറ്റിനിർത്തുമെന്ന് തമിഴ്നാട് ബി ജെ പി പ്രസിഡന്റ് കെ അണ്ണാമലെെ അറിയിച്ചു. തന്റെ പ്രവൃത്തിയിലൂടെ സൂര്യ പാർട്ടിയുടെ മാനം കെടുത്തിയെന്ന് പുറത്താക്കിക്കൊണ്ടുള്ള പ്രസ്താവനയിൽ അണ്ണാമലെെ പറഞ്ഞു.