
തിരുവനന്തപുരം: നെയ്യാറിന്റെ ഒഴുക്കിനുള്ള തടസ്സങ്ങൾ നീക്കി ജലവിഭവ വകുപ്പിന്റെ ശുദ്ധീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ജലസേചന വിഭാഗം മെക്കാനിക്കൽ വിഭാഗം സിൽറ്റ് പുഷർ ഉപയോഗിച്ച് ആറിലെ ചെളിയും പായലും നീക്കം ചെയ്യുന്ന പ്രവർത്തികൾക്കാണ് ഇന്ന് തുടക്കം കുറിച്ചത്. നെയ്യാറിന്റെ വലതുകര കനാലിലാണ് ആദ്യ ഘട്ടത്തിൽ ജോലികൾ ആരംഭിച്ചിരിക്കുന്നത്.
മൈലോട്ട് മൂഴി ഭാഗത്ത് കഴിഞ്ഞ ആഴ്ച ജോലികൾക്ക് തുടക്കമായെങ്കിലും വാരിയിടുന്ന ചെളിയും പായലും കരയിൽ നിന്ന് നീക്കം ചെയ്യുന്നതിനുള്ള എസ്‌കവേറ്റർ ലഭിക്കാത്തതിനെ തുടർന്ന് ജോലി നിർത്തിവച്ചിരുന്നു. പിന്നീട് എസ്‌കവേറ്റർ എത്തിച്ച് ചൊവ്വാഴ്ചയോടെ ജോലികൾ പുനരാരംഭിച്ചു. ചെളി നീക്കം ചെയ്യുന്നതിന് ആലപ്പുഴ മെക്കാനിക്കൽ ഡിവിഷന്റെ കീഴിലുള്ള എസ്‌കവേറ്റർ കൂടി എത്തിക്കാൻ മന്ത്രി റോഷി അഗസ്റ്റിൻ നിർദേശം നൽകി.
13.42 ലക്ഷം രൂപയുടെ സാങ്കേതിക അനുമതിയാണ് പദ്ധതിക്കായി ജലവിഭവ വകുപ്പ് നൽകിയിരിക്കുന്നത്. വകുപ്പിന്റെ ആലപ്പുഴ മെക്കാനിക്കൽ ഡിവിഷനാണ് പദ്ധതിയുടെ ചുമതല. മൈലോട്ട് മൂഴി പാലത്തിൽ നിന്ന് രണ്ടു ദിശകളിലേക്കുമായി ആറു കിലോമീറ്റർ ദൂരത്തിൽ 30,000 ചതുരശ്ര മീറ്ററാണ് ചെളിയും പായലും നീക്കി വീണ്ടെടുക്കുന്നത്. ഇതിനോടകം 1600 ചതുരശ്ര മീറ്റർ വൃത്തിയാക്കിയിട്ടുണ്ട്. 30 ദിവസങ്ങൾക്കുള്ളിൽ പ്രവർത്തി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.