
ബീജിംഗ് : വടക്ക് പടിഞ്ഞാറൻ ചൈനയിലെ ഷിൻജിയാംഗ് മേഖലയിലെ ഉറുംചി നഗരത്തിൽ ജനവാസ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു. ഒമ്പത് പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി 7.50നാണ് ബഹുനില കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. 15ാം നിലയിൽ നിന്ന് തീപിടിത്തം മുകൾ നിലകളിലേയ്ക്ക് വ്യാപിയ്ക്കുകയായിരുന്നു. മൂന്ന് മണിക്കൂർ കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു. ആഗസ്റ്റ് മുതൽ ഉറുംചി നഗരത്തിൽ കടുത്ത കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് അപകടം. ജനങ്ങൾക്ക് പുറത്തിറങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ ആഴ്ച ആദ്യം ഹെനാൻ പ്രവിശ്യയിലെ അന്യാംഗ് നഗരത്തിൽ ഒരു ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 38 പേർ കൊല്ലപ്പെട്ടിരുന്നു.