
ന്യൂഡൽഹി: മൃഗങ്ങളോടുള്ള ക്രൂരത തടയൽനിയമം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുകയാണ് കേന്ദ്രം. മൃഗങ്ങളോടുള്ള ക്രൂരത തടയൽനിയമം (1960) പുനഃപരിശോധിക്കാനുള്ള നടപടിയുടെ ഭാഗമായി 61 ഭേദഗതികൾ കൊണ്ടുവരാനാണ് കേന്ദ്രസർക്കാർ തീരുമാനം. മൃഗങ്ങളോട് ക്രൂരതകാണിച്ചാൽ മൂന്നുവർഷംവരെ തടവും കൊല്ലുകയാണെങ്കിൽ അഞ്ചുവർഷംവരെ തടവുമായിരിക്കും ശിക്ഷ ലഭിക്കുക. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം (ഭേദഗതി) ബില്ലിന്റെ കരട് ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരമന്ത്രാലയമാണ് തയ്യാറാക്കിയത്. മന്ത്രാലയം കരട് ബിൽ പരസ്യമാക്കി, ഡിസംബർ ഏഴുവരെ പൊതുജനാഭിപ്രായം തേടും. ബില്‍ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിലോ ബജറ്റ് സമ്മേളനത്തിലോ അവതരിപ്പിച്ചേക്കും. ക്രൂരതയെ 'ഒരു മൃഗത്തിന് ആജീവനാന്ത വൈകല്യത്തിനോ മരണത്തിനോ കാരണമായേക്കാവുന്ന പ്രവൃത്തി' എന്നാണ് നിർവചിക്കുന്നത്. ക്രൂരത ചെയ്യുന്നവരെ അറസ്റ്റ് വാറന്റ് ഇല്ലാതെ തന്നെ അറസ്സ് ചെയ്യാനാകും. ക്രൂരതയ്ക്ക് ഏറ്റവുംകുറഞ്ഞത് 50,000 രൂപ പിഴയായി ശിക്ഷ ലഭിക്കും, അത് 75,000 രൂപ വരെയായി ഉയർത്താം. അല്ലെങ്കിൽ ചെലവ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അധികാരപരിധിയിലുള്ള മൃഗഡോക്ടർമാരുമായി കൂടിയാലോചിച്ച് തീരുമാനിക്കാമെന്ന് കരട് നിർദേശത്തിൽ പറയുന്നത്.