
ലോകത്തെ എഴുതപ്പെട്ട ഭരണഘടനകളിൽ ഏറ്റവും വലുതാണ് നമ്മുടെ ഭരണഘടന. ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ ധിഷണാശാലികൾ ഭരണഘടനാനിർമ്മാണസഭയിൽ ഒത്തുചേർന്നു നടത്തിയ കഠിന പരിശ്രമത്തിന്റെ ഫലമാണ് നമ്മുടെ ഭരണഘടന.
.
ഭരണഘടന സൂക്ഷ്മമായി പരിശോധിച്ചാൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാനപ്രമാണങ്ങളായി നിലകൊള്ളുന്ന എട്ട് അടിസ്ഥാന തത്വങ്ങൾ കാണാൻ കഴിയും.
1. ജനങ്ങളുടെ പരമാധികാരം, 2. സോഷ്യലിസം, 3. മതനിരപേക്ഷത , 4. മൗലികാവകാശങ്ങൾ, 5. രാഷ്ട്ര നയത്തിനുള്ള നിർദ്ദേശക തത്വങ്ങൾ, 6. സ്വതന്ത്ര നീതിന്യായ വ്യവസ്ഥ, 7. ഫെഡറൽ സമ്പ്രദായം, 8. ക്യാബിനറ്റ് സമ്പ്രദായം.
നമ്മുടെ ഭരണഘടന തുടങ്ങുന്നതു തന്നെ ജനങ്ങളുടെ പരമാധികാരം വിളംബരം ചെയ്തുകൊണ്ടാണ്.
പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ 1976 ലെ 42-ാം ഭരണഘടന ഭേഗതിയിലൂടെയാണ് സോഷ്യലിസം ഒരു അടിസ്ഥാന തത്വമായി ഭരണഘടനയിൽ സ്ഥാനം പിടിച്ചത്. അതുവരെ സോഷ്യലിസം എന്ന പദം ഭരണഘടനയിൽ ഒരിടത്തും ഉൾപ്പെടുത്തിയിരുന്നില്ല. എങ്കിലും സോഷ്യലിസ്റ്റ് ആശയങ്ങൾ ഭരണഘടനയിലെ നാലാം അദ്ധ്യായമായ നിർദ്ദേശക തത്വങ്ങളിൽ പ്രകടമായിത്തന്നെ കാണാമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 1954 ൽ പാർലമെന്റ് സോഷ്യലിസ്റ്റ് സാമൂഹിക ക്രമമെന്ന (Socialistic Pattern of Society)ആശയം ഒരു പ്രത്യേക പ്രമേയം വഴി അംഗീകരിച്ചത്. 42-ാം ഭേദഗതിയോടു കൂടി സോഷ്യലിസം എന്ന അടിസ്ഥാന തത്വം പ്രത്യക്ഷമായിത്തന്നെ ഭരണഘടനയിൽ സ്ഥാനം പിടിച്ചു.
മതത്തിന്റേയോ, ജാതിയുടെയോ, വർഗത്തിന്റെ (വംശീയത)യോ പേരിൽ രാഷ്ട്രം യാതൊരുവിധ വിവേചനവും കാണിക്കുകയില്ലെന്നും ഏതൊരു മത വിശ്വാസിക്കും തുല്യ പരിഗണന ലഭിക്കുമെന്നുമാണ് മതേതര രാഷ്ട്രമെന്ന ആശയത്തിൽക്കൂടി ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നത്. 42-ാം ഭേദഗതി അനുസരിച്ച് മതേതരത്വം എന്ന പദം കൂടി കൂട്ടിച്ചേർക്കുക വഴി ഈ നിലപാട് അസന്നിഗ്ദമായി വ്യക്തമാക്കപ്പെട്ടു.
അഭിപ്രായ സ്വാതന്ത്ര്യം, സഞ്ചാര സ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം, നിയമത്തിന് മുന്നിൽ സമത്വം, നിയമത്തിന് തുല്യമായ സംരക്ഷണം, മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം, സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ സ്വാതന്ത്ര്യം തുടങ്ങി എല്ലാ അടിസ്ഥാന സ്വാതന്ത്ര്യങ്ങളും അടങ്ങിയതാണ് ഈ മൗലികാവകാശങ്ങൾ. ഭരണഘടന ഈ അവകാശങ്ങളെ ഏഴ് വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു. ഇതിലൊന്ന് ഭരണഘടനാപരമായ പരിഹാരങ്ങൾ തേടാനുള്ള അവകാശമാണ്. ഇതനുസരിച്ച് മൗലികാവകാശങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് പരാതിയുള്ള ഏതൊരാൾക്കും സുപ്രീം കോടതിയെ വരെ സമീപിക്കാം.
സ്വതന്ത്ര നീതിന്യായ വ്യവസ്ഥ ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ അടിസ്ഥാന ശിലയാണ്. സ്വതന്ത്രമായ നീതിന്യായ പരിപാലനം ഒരു ഗവൺമെന്റിന്റെ മുഖ്യ ചുമതലയുമാണ്. നീതിന്യായ വ്യവസ്ഥയെ സ്വതന്ത്രമാക്കുന്നതിന് ഭരണഘടന ആദ്യമായി ചെയ്തിട്ടുള്ളത് എക്സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിൽ വേർതിരിക്കാൻ ഒരു അതിർവരമ്പ് ഭരണഘടനയിൽ തന്നെ സൃഷ്ടിച്ചതാണ്.
ആധുനിക ഭരണഘടനാ തത്വങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഫെഡറൽ സമ്പ്രദായം. ഇന്ത്യൻ ഭരണഘടന ഫെഡറലിസത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. സംസ്ഥാനങ്ങൾക്ക് മതിയായ അധികാരങ്ങളും, ചുമതലകളും ഭരണഘടനാപരമായിത്തന്നെ നൽകപ്പെട്ടരിക്കുന്നു.
കാബിനറ്റ് ഭരണ സമ്പ്രദായത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്വഭാവവിശേഷം എക്സിക്യൂട്ടീവിന് നിയമസഭയോടുള്ള പരിപൂർണവും അനുസ്യൂതവുമായ ഉത്തരവാദിത്തമാണ്.
ഭരണഘടനയിലെ എക്സിക്യൂട്ടീവിനുള്ള അടിയന്തരാവസ്ഥ പ്രഖ്യാപനാവകാശം വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ആർട്ടിക്കിൾ 352, 353,354, 355, 356, 360 വകുപ്പുകളിലായി നിലനിറുത്തിയിരിക്കുന്ന ഇത് രാജ്യത്തെ ജനാധിപത്യ വാഴ്ചയ്ക്ക് വലിയ വെല്ലുവിളി തന്നെയാണ്. 1975 ൽ അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി സ്വന്തം അധികാര കസേര ഉറപ്പിച്ചു നിറുത്താൻ ഈ വകുപ്പ് നിർലജ്ജം ഉപയോഗിച്ചത് ചരിത്രമാണ്. നിരവധി പ്രാവശ്യം ഇത് വിവിധ സംസ്ഥാനങ്ങളിൽ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.
368-ാം വകുപ്പ് ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം കേന്ദ്രത്തിന് നൽകുന്നു. രാഷ്ട്ര താത്പര്യത്തിനതീതമായി സ്വന്തം രാഷ്ട്രീയ താത്പര്യത്തിനു വേണ്ടി ഭരണഘടന ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്. 42-ാം ഭരണഘടനാ ഭേദഗതിയിൽപെട്ട് പാർലമെന്റിന്റെ കാലാവധി അഞ്ച് വർഷത്തിൽ നിന്ന് ആറു വർഷമായി നീട്ടിയത് അതിലൊന്നായിരുന്നു. ഭരണഘടനയിൽ ഇതിനകം 104 ഭേദഗതികളാണ് പാസാക്കപ്പെട്ടിട്ടുള്ളത്. ഭരണകക്ഷിയുടെ താൽപര്യം മാത്രം അനുസരിച്ചുള്ള ഈ ഭേദഗതികൾ ഭരണഘടനയുടെ സത്തക്ക് എതിരാണെന്നതിൽ സംശയമില്ല.
നമ്മുടെ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ ഈ അവസരത്തിൽ ഗൗരവമായി കാണേണ്ടതാണ്. കടുത്ത ജാതിവ്യവസ്ഥയും, അതിന്റെ ഭാഗമായുള്ള പ്രശ്നങ്ങളും രാജ്യത്തെത്തന്നെ അലട്ടുന്നവയാണ്. ജാതി-മത ശക്തികൾ സംഘർഷങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നു മാത്രമല്ല വൻ രാഷ്ട്രീയ സ്വാധീനവും ജനങ്ങളിൽ ചെലുത്തി വരികയാണ്. വർഗ്ഗ-ജാതി സംഘട്ടനങ്ങളും ഇവിടെ ദിനംപ്രതി വർദ്ധിക്കുന്നു. 1980 കളിൽ ആരംഭിച്ച വൻ ഭീകരവാദപ്രസ്ഥാനങ്ങളും, സംഘർഷങ്ങളും, കൂട്ടകുരുതികളും രാജ്യത്ത് ഭയാനകമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. മതഭീകരതയാണ് ഇതിൽ പ്രധാനം.
ഭരണഘടന ഉറക്കെ പ്രഖ്യാപിച്ചിട്ടുള്ള സമത്വവും മതേതരത്വവുമൊന്നും നാളിതുവരെ പൂർണമായും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ അനിവാര്യ ഫലമായ ദാരിദ്ര്യവും തൊഴിലില്ലായ്മയും ജനങ്ങളുടെ അസംതൃപ്തിയും വ്യാപകമാവുകയാണ്.
രാജ്യത്ത് ജാതി-മതവികാരങ്ങളും അതിന്റെ ഭാഗമായ അസഹിഷ്ണുതയും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.
ഒരു ജനാധിപത്യ ഭരണഘടനയുടെ വിജയകരമായ പ്രവർത്തനം അത് നടപ്പിലാക്കുന്നവരുടെ വിട്ടുവീഴ്ച ചെയ്യാനുള്ള മനോഭാവത്തേയും, യഥാർത്ഥമായ സഹിഷ്ണുതാ ബോധത്തേയും, പ്രതിപക്ഷ ബഹുമാനത്തേയും ആശ്രയിച്ചിരിക്കുന്നു. വെറും സംഖ്യാടിസ്ഥാനത്തിലുള്ള ഒരു ഭൂരിപക്ഷത്തിന്റെ ബലത്തിന്മേലാണ് എപ്പോഴും തീരുമാനങ്ങൾ സ്വീകരിക്കുന്നതെങ്കിൽ വ്യവസ്ഥാപിത ഗവൺമെന്റിനും, ജനാധിപത്യത്തിനും അർത്ഥമുണ്ടാകില്ല. ന്യൂനപക്ഷങ്ങളുടെയും, പിന്നാക്കജനവിഭാഗങ്ങളുടെയും വികാരങ്ങളെ അവഗണിച്ചാലും ഇതുതന്നെയാണ് ഫലം. ഒരു മൃഗീയ ഭൂരിപക്ഷത്തിന്റെ ബലമുണ്ടെന്നുള്ളതുകൊണ്ടു മാത്രം പിന്നാക്ക ജനവിഭാഗങ്ങളെ അവഗണിക്കുന്നതും, മതന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്നതും ജനാധിപത്യത്തെ ദുർബലമാക്കും.
ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന മതേതര ജനാധിപത്യ സംവിധാനത്തിന്റെ സവിശേഷ ഘടകങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം:
1. രാഷ്ട്രം ഏതെങ്കിലും ഒരു മതത്തെ പ്രത്യേകമായി പിൻതാങ്ങുകയോ ഏതെങ്കിലും മതത്താൽ നിയന്ത്രിക്കപ്പെടുവാൻ സമ്മതിച്ചുകൊടുക്കുകയോ ചെയ്യുന്നതല്ല. 2. ഓരോരുത്തരും തിരഞ്ഞെടുക്കുന്ന മതം ഏതായാലും അത് പഠിക്കാനും, പഠിപ്പിക്കാനുമുള്ള അവകാശം രാഷ്ട്രം എല്ലാവർക്കും ഉറപ്പുനൽകുന്നു. തങ്ങളുടെ മതപരമായ വിശ്വാസാനുഷ്ഠാനത്തിന്റെ പേരിൽ ആർക്കും മുൻഗണനാപരമായ ആനുകൂല്യങ്ങളൊന്നും ഉണ്ടായിരിക്കുന്നതല്ല. 3. താന്താങ്ങൾ അവംലബിച്ചിരിക്കുന്ന മതത്തിന്റേയോ വിശ്വാസത്തിന്റേയോ പേരിൽ രാഷ്ട്രം ഏതൊരു പൗരനോടും യാതൊരു വിവേചനവും കാട്ടുന്നതല്ല.
ഫെഡറൽ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യം വൈവിധ്യത്തിൽ ഏകത്വവും, അധികാരങ്ങളുടെ ക്ലിപ്തതയും, ഭരണത്തിന്റെ വികേന്ദ്രീകരണവുമാണ്. താന്താങ്ങളുടെ പ്രവർത്തന മേഖലകളിൽ പരസ്പരം സ്വതന്ത്രമായ രണ്ടുതരം ഗവൺമെന്റുകൾ തമ്മിൽ - കേന്ദ്രഗവൺമെന്റും സംസ്ഥാന ഗവൺമെന്റുകളും തമ്മിൽ അധികാരം വിഭജിക്കപ്പെടുന്ന സമ്പ്രദായമാണ് അതിന്റെ അടിസ്ഥാന സ്വഭാവ വിശേഷം. ഒരു പുതിയ ഐക്യഭാരതത്തിന്റെ ഭരണഘടന വാർത്തെടുക്കാനുള്ള ശ്രമത്തിൽ തങ്ങൾ അഭിമുഖീകരിച്ച നിരവധി പ്രശ്നങ്ങൾക്ക് ഒരു പരിഹാരമെന്ന നിലയിലാണ് ഭരണഘടനാകർത്താക്കൾ ഫെഡറൽ സമ്പ്രദായത്തിലേക്ക് തിരിഞ്ഞത്. ഇന്ത്യയിൽ അങ്ങോളമിങ്ങോളം പ്രകടമായി കാണപ്പെട്ടിരുന്ന നാനാതരത്തിലുള്ള വൈജാത്യങ്ങളെയും അതിന്റെയെല്ലാം അന്തഃസത്തയായ ഐക്യത്തേയും അതേപടി നിലനിറുത്തുന്നതിന് ഭരണഘടനാ നിർമ്മാതാക്കൾക്ക് പ്രത്യേക താത്പര്യമുണ്ടായിരുന്നു. നിർഭാഗ്യവശാൽ ഫെഡറലിസവും, മതേതരത്വവും ഇന്ന് മരണശയ്യയിലായ പ്രതീതിയാണ്.
നമ്മുടെ ഭരണഘടന വലിയ വെല്ലുവിളിയെ നേരിടുകയാണ്. നമുക്ക് ഇതിനെ സംരക്ഷിച്ചേ മതിയാവൂ.
(ലേഖകൻ കേരളാ സർവകലാശാല മുൻ സിഡിക്കേറ്റ് അംഗമാണ് ഫോൺ നമ്പർ: 9847132428
ഇമെയിൽ: advgsugunan@gmail.com)