forex

കൊച്ചി: ഇന്ത്യയുടെ വിദേശ നാണയശേഖരം തുടർച്ചയായ രണ്ടാംവാരവും നേട്ടത്തിലേറി. ക്രൂഡോയിൽ, മറ്റ് കമ്മോഡിറ്റികൾ എന്നിവയുടെ വിലക്കുറവും നാണയപ്പെരുപ്പഭീതിയിലെ അയവുമാണ് ഗുണമാകുന്നത്. നാണയപ്പെരുപ്പ ഭീഷണി അയഞ്ഞതോടെ ഡോളറിന്റെ കുതിപ്പിന് മങ്ങലേറ്റു; രൂപ കരകയറ്റം തുടങ്ങി. പലിശനിരക്ക് കുത്തനെ കൂട്ടുന്ന ട്രെൻഡിൽനിന്ന് അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പിന്മാറുന്നതും ഇന്ത്യയ്ക്ക് നേട്ടമാവുന്നു.

നവംബർ 18ന് സമാപിച്ച ആഴ്‌ചയിൽ 254 കോടി ഡോളർ ഉയർന്ന് 54,​725 കോടി ഡോളറാണ് വിദേശ നാണയശേഖരമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. നവംബർ 11ന് സമാപിച്ചവാരം 1,​473 കോടി ഡോളറിന്റെ വർദ്ധനയുണ്ടായിരുന്നു. കഴിഞ്ഞ ഒരുവർഷത്തിനിടയിലെ ഏറ്റവും വലിയ വർദ്ധനയായിരുന്നു അത്.

വിദേശ കറൻസി ആസ്‌തി 176 കോടി ഡോളർ മെച്ചപ്പെട്ട് 48,​429 കോടി ഡോളറായി. കരുതൽ സ്വർണശേഖരം 31.5 കോടി ഉയർന്ന് 4,​001 കോടി ഡോളറിലുമെത്തി.