gujarath

അഹമ്മദാബാദ്: ഗുജറാത്തിൽ പ്രധാനമന്ത്രിയുടെ പ്രചാരണ പരിപാടിക്കിടെ സ്വകാര്യ ഡ്രോൺ പറന്നു. ബാവ്ലയിൽ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം. ഡ്രോണും അത് പറത്തിയ മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. അവസാനഘട്ട തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നേരിട്ടാണ് റാലികൾ നടത്തുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം ബാവ്ലയിൽ അദ്ദേഹം പ്രസം​ഗിക്കുന്നതിനിടെയാണ് ഡ്രോൺ പറന്നത്. കസ്റ്റഡിയിലെടുത്ത മൂന്ന് പേരെ ചോദ്യം ചെയ്തു വരികയാണ്. പ്രധാനമന്ത്രിയുടെ പരിപാടിയിലെ സുരക്ഷകളെ കുറിച്ചും മാനദണ്ഡങ്ങളെ കുറിച്ചും ഇവർക്ക് ധാരണയില്ലാതെ ദൃശ്യങ്ങളെടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നി​ഗമനം.

ഗുജറാത്തിൽ തിരഞ്ഞെടുപ്പ്: രാഷ്ട്രീയ പോര്

182 മണ്ഡലങ്ങളുള്ള ഗുജറാത്തിൽ ഡിസംബർ ഒന്ന് മുതൽ അഞ്ച് വരെയാണ് നിയമസഭാ തെരഞ്ഞെടുപ്പ്. 182 സീറ്റുകളിലേക്കും ആംആദ്മി പാർട്ടി മത്സരിക്കുന്നുണ്ട്. മാദ്ധ്യമപ്രവർത്തകൻ ഇസുദാൻ ഗാഡ്‍വിയാണ് ഗുജറാത്തിലെ ആംആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി.

ഇതുവരെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ആപ്പും ബി.ജെ.പിയും തമ്മിലായിരുന്നു പോരെങ്കിലും കോൺഗ്രസ് ഏറെ പിന്നിലാണ്. കഴിഞ്ഞ ദിവസം മോദിക്ക് നേരെ വധഭീഷണിയുണ്ടാകുമെന്ന തരത്തിലുള്ള ഭീഷണി സന്ദേശം പൊലീസിന് ലഭിച്ചിരുന്നു. മുംബൈ ട്രാഫിക് പോലീസിന്റെ വാട്‌സ്ആപ്പിലാണ് ഓഡിയോ സന്ദേശമായി പ്രധാനമന്ത്രിയെ വധിക്കുമെന്ന ഭീഷണി വന്നത്. പ്രധാനമന്ത്രി മോദിയെ കൊല്ലാൻ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുടെ രണ്ട് പ്രവർത്തകരെ ചുമതലപ്പെടുത്തിയതായി ഈ ഓഡിയോ സന്ദേശത്തിൽ പറയുന്നുണ്ട്. മുംബയ് പൊലീസിന്റെ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ഉർജിതമാക്കുകയാണ്.