shinde

മുംബയ്: മഹാരാഷ്ട്രയിലെ സുൽത്താൻപൂർ ഗ്രാമം ഇനി മുതൽ രാഹുൽ നഗർ എന്നറിയപ്പെടും. 14 വർഷങ്ങൾക്ക് മുമ്പ് രാജ്യത്തെ നടുക്കിയ 26/11 മുംബയ് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സ്റ്റേറ്റ് റിസർവ് പോലീസ് ഫോഴ്സിലെ (എസ്.ആർ.പി.എഫ്) കോൺസ്റ്റബിൾ ആയിരുന്ന രാഹുൽ ഷിൻഡെയുടെ സ്മരണാർത്ഥം പ്രദേശവാസികളാണ് ഗ്രാമത്തിന്റെ പേര് മാറ്റിയത്.

തീവ്രവാദികൾ വെടിയുതിർക്കുന്നതായി അറിയിപ്പ് ലഭിച്ചപ്പോൾ ദക്ഷിണ മുംബയിലെ താജ്മഹൽ പാലസ് ഹോട്ടലിൽ പ്രവേശിച്ച ആദ്യ പോലീസ് ഉദ്യോഗസ്ഥരിൽ ഒരാളാണ് സോലാപൂർ ജില്ലയിലെ സുൽത്താൻപൂർ സ്വദേശിയായ ഷിൻഡെ.
മരണാനന്തര ബഹുമതിയായി രാഷ്ട്രപതിയുടെ പോലീസ് മെഡൽ നൽകി സർക്കാർ അദ്ദേഹത്തെ ആദരിച്ചപ്പോൾ, സുൽത്താൻപൂർ നിവാസികൾ അവരുടെ ഗ്രാമത്തിന്റെ പേര് തന്നെ മാറ്റി അദ്ദേഹത്തിന് ആദരമർപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, ഔദ്യോഗിക പേരുമാറ്റ ചടങ്ങുകൾ ഇനിയും നടന്നിട്ടില്ല.
ഗ്രാമത്തിന്റെ പേരുമാറ്റുന്നതിനുള്ള സർക്കാർ നടപടിക്രമങ്ങൾ പൂർത്തിയായെന്നും ഔദ്യോഗിക പുനർനാമകരണ ചടങ്ങിനായി ഞങ്ങൾ കാത്തിരിക്കുകയാണെന്നും ഷിൻഡെയുടെ പിതാവ് സുഭാഷ് വിഷ്ണു ഷിൻഡെ പറഞ്ഞു.

കഴിഞ്ഞ 10 വർഷമായി ഇതിനായി ഞാൻ സർക്കാരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ഒടുവിൽ അത് നടന്നു.ഇപ്പോൾ സംതൃപ്തനാണ്, കൂടുതലൊന്നും ആഗ്രഹിക്കുന്നില്ല. ഗ്രാമത്തിന് ഇപ്പോൾ മകന്റെ പേര് ലഭിക്കുന്നതിൽ അഭിമാനമുണ്ട്.

രാഹുലിന്റെ അമ്മ ഇപ്പോഴും ആഘാതത്തിലാണ്. സാഹചര്യവുമായി പൊരുത്തപ്പെടാൻ അവർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും രാഹുൽ ഇല്ലെന്ന സത്യം ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2010ൽ മുംബയ് പൗരസമിതിയിൽ നിന്ന് ലഭിച്ച 10 ലക്ഷം ഉപയോഗിച്ച് സ്മാരകം നിർമ്മിച്ചിരുന്നു.