
കാഠ്മണ്ഡു: നേപ്പാളിൽ പ്രധാനമന്ത്രി ഷേർ ബഹദൂർ ദ്യൂബയുടെ നേപ്പാളി കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിലെ ഭരണമുന്നണി ഭൂരിപക്ഷത്തോട് അടുക്കുന്നു. 275 അംഗ പാർലമെന്റിൽ 138 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ഇതുവരെ ഫലം പ്രഖ്യാപിച്ച 129 സീറ്റിൽ 70 എണ്ണം ദ്യൂബയുടെ സഖ്യം നേടി.
ഇതുവരെ 44 സീറ്റുകൾ സ്വന്തമാക്കിയ നേപ്പാളി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ സി.പി.എൻ - യു.എം.എൽ പ്രതിപക്ഷ സഖ്യം 42 സീറ്റുകൾ നേടി.
കഴിഞ്ഞ ഞായറാഴ്ചയാണ് നേപ്പാൾ പാർലമെന്റിലേക്കും ഏഴ് പ്രവിശ്യാ അസംബ്ലികളിലേക്കും തിരഞ്ഞെടുപ്പ് നടന്നത്. തിങ്കളാഴ്ച മുതൽ വോട്ടെണ്ണൽ തുടരുകയാണ്. പാർലമെന്റിലെ 165 സീറ്റിൽ നേരിട്ടും 110 എണ്ണത്തിൽ ആനുപാതിക പ്രാതിനിധ്യാടിസ്ഥാനത്തിലുമാണ് തിരഞ്ഞെടുപ്പ്.
 പ്രചണ്ഡയുമായി സംസാരിച്ച് ഒലി
അതേ സമയം, സി.പി.എൻ - യു.എം.എൽ നേതാവ് കെ.പി. ശർമ്മ ഒലി ഇന്നലെ സി.പി.എൻ - മാവോയിസ്റ്റ് സെന്റർ നേതാവും മുൻ പ്രധാനമന്ത്രിയുമായ പുഷ്പ കമൽ ദഹാൽ പ്രചണ്ഡയുമായി ഫോണിൽ സംസാരിച്ചു. പാലർമെന്റിലേക്ക് ഗോർഖ - 2 മണ്ഡലത്തിൽ നിന്ന് വിജയിച്ചതിൽ അഭിനന്ദനം അറിയിക്കാണ് ഒലി പ്രചണ്ഡയെ വിളിച്ചത്.
എന്നാൽ, ഭിന്നതകൾ മറന്ന് ഇടതുപാർട്ടികൾ ഒരുമിച്ച് സഖ്യം രൂപീകരിക്കുന്നതിനെ പറ്റി ഒലി പ്രചണ്ഡയോട് സംസാരിച്ചെന്നാണ് വിവരം. തിരഞ്ഞെടുപ്പ് ഫലം പൂർണമായ ശേഷം സാഹചര്യങ്ങൾ കണക്കിലെടുത്ത് അത് സംബന്ധിച്ച ചർച്ചകൾ നടത്താമെന്നാണ് പ്രചണ്ഡയുടെ നിലപാടെന്നാണ് സൂചന. നിലവിൽ ദ്യൂബയുടെ സഖ്യത്തിനൊപ്പമാണ് പ്രചണ്ഡ. നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് ശേഷം ഇരുവരും ഇതാദ്യമായാണ് പരസ്പരം സംസാരിക്കുന്നത്.