ഖത്തറിനെ 3-1ന് കീഴടക്കി സെനഗൽ

ദോഹ: ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ ഗോൾ നേടിയെങ്കിലും പ്രാഥമിക റൗണ്ടിലെ രണ്ടാം മത്സരത്തിലും തോൽവി ഏറ്റുവാങ്ങിയ ആതിഥേയരായ ഖത്തർ പ്രീ ക്വാർട്ടർ കാണാതെ പുറത്താകലുറപ്പിച്ചു. ഇന്നലെ ഒന്നിനെതിരെ മൂന്നുഗോളുകൾക്കാണ് സെനഗൽ ഖത്തറിനെ കീഴടക്കിയത്. ആദ്യ മത്സരത്തിൽ ഹോളണ്ടിനോട് തോറ്റിരുന്ന സെനഗലിന്റെ പ്രീ ക്വാർട്ടർ പ്രതീക്ഷകൾക്ക് ഇതോടെ പുതുജീവൻ വന്നു.

ആദ്യ പകുതിയിൽ ബൗലായേ ദിയയിലൂടെ ലീഡ് ചെയ്തിരുന്ന സെനഗൽ രണ്ടാം പകുതിയിൽ രണ്ടുഗോളുകൾ കൂടി നേടി. 48-ാം മിനിട്ടിൽ ഫമാറ ദിയേദുവിലൂടെ ലീഡുയർത്തിയ സെനഗലിനെതിരെ 78-ാം മിനിട്ടിൽ മുഹമ്മദ് മുന്താരി ഗോളടിച്ചു. എന്നാൽ 84-ാം മിനിട്ടിൽ ബംബാ ദിയേംഗിലൂടെ മൂന്നാം ഗോളും നേടി സെനഗൽ മത്സരത്തിന്റെ വിധി കുറിച്ചു.

ആദ്യ മത്സരത്തിൽ നെതർലാൻഡ്സിനോട് പൊരുതിത്തോറ്റിരുന്ന സെനഗൽ ഇന്നലെ വിജയം നേടണമെന്ന വാശിയോടെയാണ് കളത്തിലിറങ്ങിയത്. തുടക്കത്തിലേ അവർ ആക്രമണം അഴിച്ചുവിട്ടിരുന്നു. പത്താം മിനിട്ടിൽ അവർക്ക് നല്ലൊരു അവസരം ലഭിച്ചെങ്കിലും നംപാലിസ് മെൻഡിയുടെ ഷോട്ട് പുറത്തേക്കാണ് പോയത്. 16-ാം മിനിട്ടിലെ സെനഗലിന്റെ ശ്രമം ഖത്തർ ഗോളി ബർഷിം കുത്തിയകറ്റി. അതിന് കിട്ടിയ കോർണറും സെനഗൽ പാഴാക്കി.

ആദ്യ പകുതിയിൽ തുടരെത്തുടരെ നടത്തിയ മുന്നേറ്റങ്ങൾക്കൊടുവിലാണ് 42-ാം മിനിട്ടിൽ ബൗലായേ ദിയ ഖത്തറിന്റെ വലകുലുക്കിയത്. ഇടതുവിംഗിൽ നിന്ന് ഡിയാറ്റ യൊടുത്ത ക്രോസ് തടുക്കുന്നതിൽ ഖത്തർ ഡിഫൻഡർ കൗക്കിക്ക് പിഴച്ചു. കൗക്കിയുടെ ഇടുപ്പിൽ തട്ടിത്തെറിച്ച പന്ത് ദിയയ്ക്ക് ഗോളടിക്കാൻ പാകത്തിലെത്തുകയായിരുന്നു. ഈ ഗോളിന് സെനഗൽ ആദ്യ പകുതിയിൽ ലീഡ് ചെയ്തു.

രണ്ടാം പകുതിയുടെ തുടക്കത്തിൽതന്നെ സെനഗൽ ലീഡുയർത്തി. 48-ാം മിനിട്ടിൽ ഒരു കോർണർ കിക്കിൽ നിന്ന് ജേക്കബ്സ് നൽകിയ പന്ത് ഫമാറ ദൈദിയു തലകൊണ്ട് കുത്തി വലയിലേക്കിടുകയായിരുന്നു. രണ്ട് ഗോളുകൾ നേടിയതോടെ സെനഗളീസ് മുന്നേറ്റങ്ങൾക്ക് വേഗമൽപ്പം കുറഞ്ഞു. ഈ സാഹചര്യം മുതലെടുത്ത് ഖത്തർ തിരിച്ചടിക്കാൻ കോപ്പുകൂട്ടിത്തുടങ്ങി. 63-ാം മിനിട്ടിലെ അവരുടെ ഒരുശ്രമം ഗോളിമെൻഡി തട്ടിയകറ്റി .

74-ാം മിനിട്ടിൽ ഖത്തർ സ്ട്രൈക്കർ ഹൈഡോസിന് പകരം മുഹമ്മദ് മുന്താരിയെ ഇറക്കി.നാലുമിനിട്ടിനകം മുന്താരി സ്കോർ ചെയ്യുകയും ചെയ്തു. വലതുവിംഗിൽ നിന്ന് മുഹമ്മദ് നൽകിയ ക്രോസാണ് കൗലിബാലിയുടെ പ്രതിരോധം മറികടന്ന് മുന്താരി ഖത്തറിന്റെ ആദ്യ ലോകകപ്പ് ഗോളാക്കി മാറ്റിയത്. ഇതോടെ വീണ്ടും സടകുടഞ്ഞെണീറ്റ സെനഗൽ 84-ാം മിനിട്ടിൽ മൂന്നാം ഗോളുമടിച്ച് കളി വരുതിയിലാക്കി.എൻദിയായേ നൽകിയ പാസിൽ നിന്നാണ് ബംബാ ദിയേംഗ് സ്കോർ ചെയ്തത്.

ചൊവ്വാഴ്ച ഹോളണ്ടിനെതിരെയാണ് ഖത്തറിന്റെ അടുത്ത മത്സരം. അന്ന് സെനഗൽ ഇക്വഡോറിനെ നേരി‌ടും.