aus

മെൽബൺ: ഓസ്ട്രേലിയൻ പൊലീസ് തിരയുന്ന കൊലക്കേസ് പ്രതിയായ ഇന്ത്യൻ വംശജൻ ഡൽഹി പൊലീസിന്റെ പിടിയിൽ. പഞ്ചാബിലെ ഗുർദാസ്‌പൂർ സ്വദേശി രജ്‌വീന്ദർ സിംഗാണ് (38) പിടിയിലായത്. ഇയാളെ നവംബർ 30 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ ഡൽഹി പാട്യാല ഹൗസ് കോടതി ഉത്തരവിട്ടു. ഓസ്ട്രേലിയൻ പൊലീസിന്റെയും ഇന്ത്യൻ ഏജൻസികളുടെയും ഏകോപനത്തോടെ ഇന്നലെ രാവിലെയാണ് സ്പെഷ്യൽ സെൽ രജ്‌വീന്ദറിനെ പിടികൂടിയത്. പഞ്ചാബിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്.

2018 ഒക്ടോബറിൽ ഓസ്ട്രേലിയയിലെ വാൻഗെറ്റി ബീച്ചിൽ വളർത്തുനായയ്ക്കൊപ്പം നടക്കാനിറങ്ങിയ ടോയ കോർ‌ഡിംഗ്‌ലിയെ (24) ആണ് രജ്‌വീന്ദർ കൊലപ്പെടുത്തിയത്. ഇയാൾ ക്വീൻസ്‌ലൻഡിലെ ഇന്നിസ്‌ഫെയിലിലെ ഒരു ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു. കൊലയ്ക്ക് പിന്നാലെ 2018 ഒക്ടോബർ 23ന് ഭാര്യയേയും മൂന്നും മക്കളേയും ഉപേക്ഷിച്ച് ഇയാൾ ഇന്ത്യയിലേക്ക് കടന്നു.

രജ്‌വീന്ദറിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ വിഫലമായതോടെ ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 10 ലക്ഷം ഓസ്ട്രേലിയൻ ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ക്വീൻസ്‌ലൻഡ് പൊലീസ് ഈ മാസം രംഗത്തെത്തിയിരുന്നു. ഒരു പിടികിട്ടാപ്പുള്ളിയ്ക്കായി ക്വീൻസ്‌ലൻഡ് പൊലീസ് പ്രഖ്യാപിച്ച ഏറ്റവും ഉയർന്ന തുകയായിരുന്നു ഇത്. അന്വേഷണത്തിന്റെ ഭാഗമായി ഓസ്ട്രേലിയൻ പൊലീസ് ഇന്ത്യയിലെത്തിയിരുന്നു.