
തന്റെ പിതാവിനും മുത്തച്ഛനുമൊപ്പം കുറച്ച് സമയം ചിലവിടാനാണ് ബ്യൂ ബ്ളേക്ക് എന്ന അഞ്ചുവയസുകാരൻ വീട്ടിലെ സ്വിമ്മിംഗ് പൂളിലേയ്ക്ക് ഇറങ്ങിയത്. എന്നാൽ ഉല്ലാസകരമായി സമയം ചിലവഴിക്കാനായെത്തിയ ബാലന് ഇതിനിടയിൽ സംഭവിച്ചതെന്തെന്ന് പുറത്തറിഞ്ഞതോടെ വാർത്ത അറിഞ്ഞവരെല്ലാം ആകെ ഞെട്ടിയിരിക്കുകയാണ് . ന്യൂ സൗത്ത് വെയ്ൽസിലെ ബൈറോൺ ബേ സ്വദേശിയാണ് അഞ്ച് വയസുകാരനായ ബ്യൂ ബ്ളേക്ക്. തന്റെ വീട്ടിലെ തന്നെ സ്വിമ്മിംഗ് പൂളിൽ കുളിക്കാനായെത്തിയ ബ്ളേക്കിനെ കാത്തിരുന്നത് തന്നെക്കാൾ മൂന്ന് മടങ്ങ് വലിപ്പമുള്ള ഭീമാകാരനായ പെരുമ്പാമ്പ് ആയിരുന്നു.
തന്റെ ഇരയ്ക്കായി പൂളിന് സമീപം കാത്തിരിക്കുകയായിരുന്ന പത്തടിയോളം വലിപ്പമുളള പെരുമ്പാമ്പ് ബ്ളേക്കിനെ ഒന്നാകെ തന്നെ വലിഞ്ഞ് മുറുകയായിരുന്നു. ശരിയായി ശ്വാസം പോലും വിടാനാകാതെ കുതറുന്ന ബ്ളേക്കുമായി പാമ്പ് പതിയെ സ്വിമ്മിംഗ് പൂളിലേയ്ക്ക് തന്നെ ഇഴഞ്ഞ് നീങ്ങി. എന്നാൽ അതേ സമയത്ത് അവിടെയുണ്ടായിരുന്ന ബ്ളേക്കിന്റെ 76-കാരനായ മുത്തച്ഛന്റെ അവസരോചിതമായ ഇടപെടലിലൂടെ തന്റെ ചെറുമകന്റെ രക്ഷകനാവുകയായിരുന്നു. പാമ്പിനോടൊത്ത് പൂളിലേയ്ക്ക് കുതിച്ച മുത്തച്ഛൻ അധിക സമയം പാഴാക്കാതെ തന്നെ പാമ്പിന്റെ പിടിയിൽ നിന്ന് ബ്ളേക്കിനെ വിടുവിക്കാനുള്ള ശ്രമമാരംഭിച്ചു. മുത്തച്ഛനോടൊപ്പം പിതാവും എത്തിയതോടെ ബ്ളേക്കിനെ പാമ്പിന്റെ പിടുത്തത്തിൽ നിന്നും രക്ഷിച്ചെടുക്കുകയായിരുന്നു. ബ്രിട്ടീഷ് വാർത്താ മാദ്ധ്യമം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറം ലോകമറിയുന്നത്.
Australia: Five-year-old rescued from python by dad and elderly grandad https://t.co/s7O6aoph8r
— BBC News (UK) (@BBCNews) November 25, 2022
പാമ്പിന്റെ പിടുത്തത്തിനിടയിൽ ബ്ളേക്കിന് കടിയുമേറ്റിരുന്നു. തനിക്ക് വിഷബാധയേൽക്കുമോ എന്ന ഭയം അത് കൊണ്ട് മകനുണ്ടായിരുന്നതായാണ് ബ്ളേക്കിന്റെ പിതാവ് വാർത്താ മാദ്ധ്യമത്തോട് പറഞ്ഞത്. പെരുമ്പാമ്പ് ആയതിനാൽ വിഷബാധയുണ്ടാകില്ല എന്ന കാര്യം അറിഞ്ഞതിന് ശേഷം ബ്ളേക്ക് ശരീരത്തിലെ ചോര കഴുകി കളഞ്ഞ് കൂളായി തന്നെ തുടർന്നു. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ ബ്ളേക്കിന്റെ ധൈര്യം അപാരമാണെന്നാണ് ആളുകളുടെ സംസാരം. കൂടാതെ ബ്ളേക്കിന്റെ മുത്തച്ഛന് താരപരിവേഷവും സോഷ്യൽ മീഡിയയിൽ ചാർത്തിക്കിട്ടി.