
ജില്ലയിൽ ഭൂപ്രശ്‌നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് വീണ്ടും ഹർത്താലടക്കമുള്ള പ്രക്ഷോഭ പരിപാടികളുമായി പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളടക്കം വിവിധ സംഘടനകൾ രംഗത്തെത്തിയിരിക്കുകയാണ്. സംരംഭകത്വ സാദ്ധ്യതകളെപ്പറ്റി ആലോചിക്കുന്നതിന് വ്യവസായമന്ത്രി പി. രാജീവ് ജില്ല സന്ദർശിക്കുന്ന 28ന് യു.ഡി.എഫ് ജില്ലാ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കെട്ടിടനിർമ്മാണ നിരോധനവും ബഫർസോൺ പ്രശ്‌നങ്ങളും നിമിത്തം ജില്ലയിൽ മൂന്നുവർഷമായി ഒരു പെട്ടിക്കട പോലും ആരംഭിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. സംസ്ഥാനത്തെ ഏറ്റവും മൂലധന നിക്ഷേപം കുറഞ്ഞ ജില്ലയായി ഇടുക്കി അധഃപതിച്ചു. കെട്ടിട നിർമ്മാണത്തിന് അനുമതി നൽകുന്നത് നിരോധിച്ചുകൊണ്ടുള്ള റെവന്യൂ തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാരുടെ ഉത്തരവുകൾ പിൻവലിക്കണമെന്ന് നിർദ്ദേശം നൽകാൻ മന്ത്രി തയ്യാറാകണം. ജില്ലയിൽനിന്ന് വിദേശരാജ്യങ്ങളിൽ പോയവർ പോലും മൂലധന നിക്ഷേപം നടത്തുന്നതും വീട് നിർമ്മിക്കുന്നതും മറ്റു ജില്ലകളിലാണ്. സർക്കാരിന്റെ തലതിരിഞ്ഞ നിലപാടുകൾ നിമിത്തം മൂലധന നിക്ഷേപത്തിന് തീരെ അനുയോജ്യമല്ലാത്ത ജില്ലയായി മാറി ഇടുക്കി. ഭൂപ്രശ്‌നങ്ങളും ഏലം, കുരുമുളക് എന്നിവയുടെ വിലയിടിവും മൂലം ഭൂമിയുടെ മൂല്യം കുറയുക മാത്രമല്ല ക്രയവിക്രയങ്ങൾ നടക്കുന്നുമില്ല. വന്യമൃഗങ്ങളുടെ ശല്യം കൃഷിക്കാരുടെ സ്വൈരജീവിതം നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ഇത്തരത്തിൽ ബുദ്ധിമുട്ടുമ്പോൾ ജനങ്ങളെ കബളിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകാൻ അനുവദിക്കില്ലെന്നും ജനങ്ങളെ ഒറ്റക്കെട്ടായി അണിനിരത്തി സർക്കാരിന്റെ അവഗണനയ്‌ക്കെതിരെ പോരാടുമെന്നും നേതാക്കൾ അറിയിച്ചു. എന്നാൽ ഇതിനോടുള്ള പ്രതികരണമെന്നവണ്ണം 28നുള്ള മന്ത്രിയുടെ പരിപാടി റദ്ദാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ വിവാദമായ ഭൂനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ സമരപ്രഖ്യാപനമായ 'യോഗജ്വാല' ഡിസംബർ 24 ന് കട്ടപ്പനയിൽ നടക്കും. ടൗൺഹാളിൽ നടക്കുന്ന സമ്മേളനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ഉദ്ഘാടനം ചെയ്യുന്നത്. ജില്ലയിലെ ഏഴ് യൂണിയനുകളിൽ നിന്നുള്ള യുവാക്കൾ റാലിയിൽ അണിനിരക്കും. നാടിന്റെ പുരോഗതിയെ തടസപ്പെടുത്തുന്ന ലക്ഷക്കണക്കിന് മനുഷ്യനെ ബാധിക്കുന്നതും കനത്തസാമൂഹ്യ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതുമായ നിയമങ്ങൾ പിൻവലിക്കുന്നതുവരെ സമരമുഖത്ത് ശക്തമായി നിലയുറപ്പിക്കുമെന്നാണ് യൂത്ത്മൂവ്‌മെന്റ് യോഗജ്വാല മുന്നോട്ട് വയ്ക്കുന്ന സന്ദേശമെന്നും അതിന്റെ പോരാട്ടമുഖത്ത് യൂത്ത്മൂവ്‌മെന്റ് മുൻപന്തിയിലുണ്ടാകുമെന്നും നേതാക്കൾ പറയുന്നു.
ഇടയ്ക്ക് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ പ്രതിഷേധം അയഞ്ഞതോടെ ഭൂപ്രശ്‌നങ്ങളിലും ബഫർസോൺ വിഷയത്തിലും സർക്കാർ അനങ്ങാപ്പാറ നയം തുടരുകയായിരുന്നു. നിർമ്മാണ നിരോധനം അടക്കമുള്ള ജനദ്രോഹ ഉത്തരവുകൾ നിലനിൽക്കുന്നതിനാൽ ആയിരക്കണക്കിനു കർഷകരാണ് വിവിധ ആവശ്യങ്ങൾക്കായി നിത്യേന സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്നത്. വിവാദ ഭൂഉത്തരവുകൾക്ക് പുറമേയാണ് ബഫർ സോൺ നിർദേശം ജില്ലയ്ക്ക് വിലങ്ങുതടിയായത്. ബഫർ സോൺ പരിധിയിൽ ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെട്ടതോടെ സ്വന്തം ഭൂമി ക്രയവിക്രയം നടത്താനോ, ബാങ്ക് വായ്പയെടുക്കാനോ സാധിക്കാത്ത സ്ഥിതിയിലാണ് നിരവധി പേർ. തിരഞ്ഞെടുപ്പ് സമയത്ത് മാത്രം വിഷയം ഉയർത്തിക്കൊണ്ടുവരുന്ന രാഷ്ട്രീയ കക്ഷികൾ ഇടക്കാലത്ത് അനങ്ങാപ്പാറനയം സ്വീകരിക്കുന്നതാണ് പ്രശ്‌നം അനന്തമായി നീണ്ടുപോകാൻ കാരണമെന്ന് കർഷക സംഘടനകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. എൽ.ഡി.എഫും, യു.ഡി.എഫും പരസ്പരം പഴിചാരുമ്പോൾ ഇരുമുന്നണികളെയും പഴിചാരി ബി.ജെ.പിയും രംഗത്ത് വരുന്നതാണ് പതിവ്.
ഡെമോക്ലീസിന്റെ വാൾ
മലയോരജനതയുടെ തലയ്ക്ക് മുകളിൽ തൂങ്ങിയാടുന്ന ഡെമോക്ലീസിന്റെ വാളാണ് ഇടുക്കിയിൽ ഒരിക്കലും അവസാനിക്കാത്ത ഭൂപ്രശ്‌നങ്ങൾ. ഗാഡ്ഗിലും കസ്തൂരിരംഗനും പട്ടയപ്രശ്‌നങ്ങളുമായി അത് അനന്തമായി നീളുന്നു. രണ്ടരവർഷത്തിലേറെയായി ഇടുക്കിയിലെ സാധാരണക്കാരുടെ അതിജീവനത്തിന് വെല്ലുവിളി ഉയർത്തുന്നത് ചില സർക്കാർ ഉത്തരവുകളാണ്. 2019 ആഗസ്റ്റ് മുതൽ ഇറങ്ങിത്തുടങ്ങിയ വിവിധ ഭൂവിനിയോഗ ഉത്തരവുകളാണ് കർഷകരെ ഭീതിയിലാഴ്‌ത്തുന്നത്. പട്ടയഭൂമിക്ക് നൽകുന്ന കൈവശാവകാശ രേഖയിൽ എന്തിനു വേണ്ടിയാണ് ഭൂമി ഉപയോഗിക്കുന്നതെന്നു വ്യക്തമാക്കണമെന്നാണ് ആഗസ്റ്റിലെ ഉത്തരവ്. ശക്തമായ ജനരോഷമുണ്ടായപ്പോൾ സർക്കാർ ഈ നിയന്ത്രണങ്ങൾ മൂന്നാർ മേഖലയിലെ എട്ട് വില്ലേജുകളിലേക്ക് ചുരുക്കി. എന്നാൽ ഇടുക്കിയിലെ എട്ട് വില്ലേജുകളിൽ മാത്രമുള്ള നിയന്ത്രണങ്ങൾ വിവേചനമാണെന്നു വാദിച്ച് പ്രദേശവാസികൾ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് സംസ്ഥാന വ്യാപകമായി കെട്ടിടനിർമാണ ചട്ടത്തിൽ മാറ്റം വരുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു. എല്ലാ വില്ലേജ് ഓഫീസർമാരും കൈവശ സർട്ടിഫിക്കറ്റിൽ ഭൂമിയുടെ വിശദാംശം രേഖപ്പെടുത്താനും നിർമാണ പെർമിറ്റ് നൽകും മുമ്പ് തദ്ദേശസ്ഥാപനങ്ങൾ ഇതു വിലയിരുത്താനും നിർദേശിച്ച് റവന്യൂ, തദ്ദേശ വകുപ്പുകളുടെ സെക്രട്ടറിമാർ ഒരു മാസത്തിനകം ഉത്തരവിറക്കണമെന്ന് കോടതി നിർദേശിച്ചു. ഇനി മുതൽ, ഭൂമി പതിച്ചു നൽകിയത് എന്താവശ്യത്തിനാണെന്നു പരിശോധിച്ചു രേഖപ്പെടുത്തിയ ശേഷം മാത്രം റെവന്യൂ ഉദ്യോഗസ്ഥർ കൈവശ സർട്ടിഫിക്കറ്റ് നൽകാവൂ എന്നും കോടതി നിർദേശിച്ചു. ഈ ഉത്തരവ് ഇടുക്കി മുഴുവൻ നടപ്പാക്കാനായി ജില്ലാ കളക്ടർ റെവന്യൂ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കെട്ടിടനിർമാണ ചട്ടം ഭേദഗതി ചെയ്യാത്ത സാഹചര്യത്തിൽ കൈവശാവകാശ രേഖയിൽ ഭൂമി എന്താവശ്യത്തിനാണ് പതിച്ചു നൽകിയതെന്ന് രേഖപ്പെടുത്തണമെന്നായിരുന്നു കളക്ടറുടെ ഉത്തരവ്. ഫലത്തിൽ 2019ൽ പുറത്തുവന്ന നിർമാണ നിയന്ത്രണം ജില്ലയിൽ വീണ്ടും പ്രാബല്യത്തിലായി. 2020 ആഗസ്റ്റ് 20ന് ഇടുക്കിയിലെ പട്ടയഭൂമിയിലെ നിർമ്മാണങ്ങൾക്കു റെവന്യൂ എൻ.ഒ.സി നിർബന്ധമാക്കിയത് മൂന്നാർ മേഖലയിലെ എട്ട് വില്ലേജുകളിലേക്കു ചുരുക്കി സർക്കാർ വീണ്ടും പുതിയ ഉത്തരവിറക്കി. കണ്ണൻദേവൻ ഹിൽസ്, ചിന്നക്കനാൽ, ശാന്തൻപാറ, പള്ളിവാസൽ, ആനവിരട്ടി, ബൈസൺവാലി, വെള്ളത്തൂവൽ, ആനവിലാസം എന്നീ എട്ട് വില്ലേജുകളിലാണ് നിയന്ത്രണം. പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുന്ന മൂന്നാറിലെ നിർമാണ നിരോധനം മൂന്നാറുമായി പുലബന്ധം പോലുമില്ലാത്ത ശാന്തൻപാറ, വെള്ളത്തൂവൽ, ആനവിലാസം, ബൈസൺവാലി വില്ലേജുകളിലും ഏർപ്പെടുത്തി. ഇതിൽ ആനവിലാസം മൂന്നാറിൽ നിന്ന് 100 കിലോമീറ്ററിലധികം അകലെയാണ്. കൃഷിക്കും വീട് വയ്ക്കാനുമല്ലാതെ ഇവിടങ്ങളിലെ പട്ടയഭൂമി ഉപയോഗിക്കാനാവില്ല. ഉപജീവനത്തിന് ആവശ്യമായ ചെറിയ കെട്ടിടങ്ങൾക്കു പോലും റെവന്യൂ വകുപ്പിന്റെ അനുമതി ലഭിക്കില്ല. വാണിജ്യ സാമ്പത്തിക മേഖലയെ ഉത്തരവ് കാര്യമായി ബാധിച്ചിട്ടുണ്ട്. വാണിജ്യ ആവശ്യങ്ങൾക്കായുള്ള എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിലച്ചമട്ടാണ്. പുതിയ കെട്ടിടനിർമാണത്തിനൊന്നും അനുമതി ലഭിക്കാത്ത സ്ഥിതിയാണ്. വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിടനിർമാണത്തിന് വില്ലേജ് ഓഫീസറുടെ എൻ.ഒ.സി ലഭിക്കുന്നില്ല. സ്ഥലക്കച്ചവടങ്ങളും ഹൈറേഞ്ചിൽ പകുതിയായി കുറഞ്ഞു.