ഇക്വഡോറും ഹോളണ്ടും 1-1ന് സമനിലയിൽ പിരിഞ്ഞു
എന്നർ വലൻസിയയ്ക്ക് ഈ ലോകകപ്പിലെ മൂന്നാം ഗോൾ
ദോഹ : :ഈ ലോകകപ്പിലെ ആദ്യ വിജയം നേടിയ ഇക്വഡോർ ഇന്നലെ രണ്ടാം മത്സരത്തിൽ കരുത്തരായ ഹോളണ്ടിനെ 1-1ന് സമനിലയിൽ തളച്ച് പ്രീ ക്വാർട്ടർ സാദ്ധ്യത വർദ്ധിപ്പിച്ചു. ഖലീഫ സ്റ്റേഡിയത്തിൽ ആറാംമിനിട്ടിൽത്തന്നെ ലീഡ് നേടിയ ഡച്ചുകാരെ 48-ാം മിനിട്ടിൽ എന്നർ വലൻസിയ നേടിയ ഗോളിനാണ് ഇക്വഡോർ തളച്ചത്. ഗോൾ വഴങ്ങിയശേഷം മികച്ച മുന്നേറ്റങ്ങൾ നടത്തിയ ഇക്വഡോറിന് മുന്നിൽ പിടിച്ചുനിൽക്കാൻ ഡച്ചുകാർ ശരിക്കും ബുദ്ധിമുട്ടുകയായിരുന്നു. മത്സരത്തിൽ ഇക്വഡോറുകാർ 14 ഷോട്ടുകൾ തൊടുത്തപ്പോൾ ഡച്ചുകാർക്ക് രണ്ടെണ്ണത്തിനാണ് കഴിഞ്ഞത്.
മത്സരത്തിന്റെ തുടക്കത്തിൽതന്നെ ഗോളടിക്കാൻ കഴിഞ്ഞ ഹോളണ്ടുകാർ പിന്നീടും നിരന്തരം ആക്രമണങ്ങൾ സംഘടിപ്പിച്ചാണ് ആദ്യ പകുതിയിൽ മുന്നോട്ടുപോയത്. വിട്ടുകൊടുക്കാതെ പൊരുതിയ ഇക്വഡോറിന് ആദ്യ പകുതിയിൽ ഗോളടിക്കാൻ കഴിഞ്ഞില്ലെങ്കിലും മത്സരത്തിന്റെ വീറും വാശിയും ഒട്ടും കുറവായിരുന്നില്ല. ഫസ്റ്റ് ഹാഫിന്റെ ഇൻജുറി ടൈമിൽ ഇക്വഡോർ വലകുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.
ആദ്യ കളിയിൽ സെനഗലിനെതിരെ ഗോളടിച്ച കോഡി ഗാപ്കോയാണ് ആറാം മിനിട്ടിൽ ഇക്വഡോറിനെതിരെയും സ്കോർ ചെയ്തത്. ക്ളാസൻ നൽകിയ പാസിൽനിന്നായിരുന്നു ഗാപ്കോയുടെ തകർപ്പൻ ഗോൾ.കഴിഞ്ഞ ലോകകപ്പിൽ മെംഫിസ് ഡെപേയ്ക്ക് ശേഷം കന്നിലോകകപ്പിന്റെ ആദ്യ രണ്ട് മത്സരങ്ങളിലും സ്കോർ ചെയ്യുന്ന ആദ്യ ഡച്ച് താരമായി ഗാപ്കോ. കഴിഞ്ഞ മാർച്ചിന് ശേഷം ഇക്വഡോറിന്റെ വലയിൽ വീഴുന്ന ആദ്യ ഗോളായിരുന്നു ഗാപ്കോയുടേത് .
32-ാം മിനിട്ടിൽ ഹോളണ്ടിന്റെ ഗോളി നൊപ്പാർട്ടിന്റെ ഒരു മികച്ച സേവ് കണ്ടു. ആദ്യ പകുതിയിലെ വിഫല ശ്രമങ്ങൾക്ക് ശേഷം 49-ാം മിനിട്ടിൽ ഇക്വഡോർ നായകൻ എന്നർ വലൻസിയയുടെ ബൂട്ടിൽ നിന്ന് സമനില ഗോൾ പിറന്നു. എസ്തുപിനാന്റെ പാസിൽനിന്ന് വലൻസിയ വലയിലേക്ക് തൊടുക്കുമ്പോൾ ഡച്ച് ഡിഫൻഡർ അക്കേ നിസഹായനായിരുന്നു. ഖത്തറിനെതിരെ ഇരട്ടഗോളുകൾ നേടിയിരുന്ന വലൻസിയ ഇതോടെ ഈ ലോകകപ്പിലെ ടോപ്‌സ്കോററായി.
ചൊവ്വാഴ്ച നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇക്വഡോർ സെനഗലിനെ നേരിടും. അന്നാണ് ഖത്തറും ഹോളണ്ടും തമ്മിലുള്ള മത്സരം.