python

കാൻബെറ : അഞ്ച് വയസുകാരന്റെ കാലിൽ കടിച്ച് വരിഞ്ഞ് മുറുക്കിയ കൂറ്റൻ പെരുമ്പാമ്പ് കുട്ടിയുമായി ഇഴഞ്ഞ് സ്വിമ്മിംഗ് പൂളിലേക്ക് ചാടി. വ്യാഴാഴ്ച ഓസ്ട്രേലിയയിലെ ന്യൂസൗത്ത്‌വെയ്‌ൽസിലെ ബൈറൺ വേയിലാണ് ഞെട്ടിക്കുന്ന സംഭവം. വീടിന് പുറത്തെ സ്വിമ്മിംഗ് പൂളിൽ നീന്താനെത്തിയപ്പോഴാണ് ബോ ബ്ലേക്ക് എന്ന കുട്ടി പെരുമ്പാമ്പിന്റെ പിടിയിലകപ്പെട്ടത്. സ്വിമ്മിംഗ് പൂളിന്റെ കരയിൽ നിൽക്കവെ സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് ചാടിവീണ പെരുമ്പാമ്പ് കുട്ടിയുടെ കാലിൽ ഞൊടിയിടയിൽ ചുറ്റുകയും കുളത്തിലേക്ക് വീഴുകയുമായിരുന്നു. ഭീകര ദൃശ്യത്തിന് സാക്ഷിയായ 76കാരനായ മുത്തച്ഛൻ ഉടൻ വെള്ളത്തിലേക്ക് എടുത്ത് ചാടി കുട്ടിയെ പെരുമ്പാമ്പിൽ നിന്ന് രക്ഷിക്കുകയായിരുന്നു. കുട്ടിയുടെ അച്ഛൻ ബെന്നും ഉടൻ വെള്ളത്തിലേക്ക് ചാടി. ഏകദേശം 20 സെക്കന്റ് കൊണ്ടാണ് കുട്ടിയുടെ കാലിൽ നിന്ന് പെരുമ്പാമ്പിനെ വേർപെടുത്തിയതെന്ന് ബെൻ പറയുന്നു. ഏകദേശം 10 അടിയോളം നീളമുണ്ടായിരുന്നു പെരുമ്പാമ്പിന്. കുട്ടിയേക്കാൾ മൂന്നിരട്ടി നീളമുണ്ടായിരുന്നു അതിന്. പെരുമ്പാമ്പിന്റെ കടിയേറ്റെങ്കിലും വിഷമില്ലാത്തതിനാൽ കുട്ടി ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.