
കുവൈറ്റ് സിറ്റി: താമസ, തൊഴിൽ നിയമ ലംഘകരെ കണ്ടെത്താനുളള കർശന പരിശോധന കുവൈറ്റിൽ തുടരുന്നു. ഇത് വരെ നടന്ന പരിശോധനയിൽ 31 പ്രവാസികളെ അറസ്റ്റ് ചെയ്തു. ഇവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു. നിയമലംഘകരെ കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയത്തിന്റെ റെസിഡൻ്സ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗവും മാൻപവർ അതേറിറ്റിയും സംയുക്തമായാണ് പരിശോധന നടത്തി വരുന്നത്.
തൊഴിൽ നിയമങ്ങൾ കൃത്യമായി പാലിക്കാതെ ജോലി ചെയ്യുന്നവരെയും താമസ നിയമങ്ങൾ ലംഘിക്കുന്നവരെയുമാണ് പ്രധാനമായും പരിശോധന വിഭാഗം ലക്ഷ്യം വെയ്ക്കുന്നത്. പരിശോധനയിൽ പിടികൂടുന്ന പ്രവാസികളെ അതാത് നിയമ ലംഘനവുമായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറും. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ച ശേഷം നാടുകടത്തൽ കേന്ദ്രത്തിലേയ്ക്ക് അടക്കം മാറ്റിപ്പാർപ്പിക്കും. നടന്നു വരുന്ന പരിശോധനകളിൽ പിടികൂടി നാട് കടത്തപ്പെടുന്ന പ്രവാസികൾക്ക് പിന്നീട് തിരികെ രാജ്യത്ത് പ്രവേശിക്കാൻ കഴിയാത്ത വിധത്തിലുള്ള നടപടികളാണ് ഇപ്പോൾ നടപ്പിലാക്കുന്നത്.