maradona

ദോഹ : ലോകകപ്പിന്റെ ആരവം അലയടിക്കുന്ന ഖത്തറിൽ അർജന്റീനിയൻ ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ പ്രതിമ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ അനാവരണംചെയ്തു. മറഡോണയുടെ രണ്ടാം ചരമവാർഷിക ദിനത്തിലാണ് ദോഹയിൽ അദ്ദേഹത്തിന്റെ ലോകകപ്പ് ട്രോഫി പിടിച്ചുനിൽക്കുന്ന പ്രതിമ അനാവരണംചെയ്തത്. തെക്കേ അമേരിക്കൻ ഫുട്ബാൾ കോൺഫെഡറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മുൻ അർജന്റീനാ താരങ്ങളും ആരാധകരും ഉൾപ്പടെ നിരവധിപ്പേർ പങ്കെടുത്തു. ഓർമ്മദിനത്തിൽ അർജന്റീനാ ആരാധകർ ദോഹയിൽ വിവിധയിടങ്ങളിലായി ഒത്തുചേർന്നിരുന്നു. 1982 മുതൽ 1994 വരെ നാല് ലോകകപ്പുകളിൽകളിച്ച മറഡോണ 2010-ൽ അർജന്റീനാ ടീമിന്റെ പരിശീലകനുമായിരുന്നു. ലോകകപ്പിനോടനുബന്ധിച്ച് ദോഹയുടെ പലഭാഗങ്ങളിൽ മറഡോണയുടെ ചുവർചിത്രങ്ങൾ വരച്ചിട്ടുണ്ട്. അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലെ 14 നില കെട്ടിടത്തിന്റെ ചുമരിൽ വരച്ച മറഡോണയുടെ കൂറ്റൻ ചിത്രം ലോക ശ്രദ്ധനേടിയിരുന്നു.