
ദോഹ : കഴിഞ്ഞ രാത്രി ഇംഗ്ളണ്ടിനെതിരായ മത്സരത്തിൽ തന്റെ മകൻ അമേരിക്കയ്ക്ക് വേണ്ടി കളിക്കാനിറങ്ങിയപ്പോൾ ഗാലറിയിലിരുന്ന് കയ്യടിക്കുകയായിരുന്നു ഒരു കാലത്ത് ലോക ഫുട്ബാൾ ഏറെ ആഘോഷിച്ച ലൈബീരിയൻ ഇതിഹാസതാരം ജോർജ് വിയ. വിയയുടെ മകൻ തിമോത്തി വിയ വേയ്ൽസിനെതിരായ ആദ്യമത്സരത്തിൽ ഗോളും നേടിയിരുന്നു. ജോർജ് വിയയ്ക്ക് നേടാൻ കഴിയാത്തതായിരുന്നു തിമോത്തി നേടിയെടുത്തത്. ഇംഗ്ളണ്ടിനെതിരെ മികച്ചൊരു അവസരം തിമോത്തി ഒരുക്കിയെങ്കിലും ഗോൾ പിറന്നിരുന്നില്ല.
1986 മുതൽ 2002 വരെ ലൈബീരിയക്കായി 75 മത്സരങ്ങൾ കളിച്ച ജോർജ് വിയ മൊണോക്കോ, പി.എസ്.ജി, എ.സി മിലാൻ, ചെൽസി, മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബുകൾക്കായും ബൂട്ടുകെട്ടിയ താരമാണ്. തന്റെ കാലഘട്ടത്തിലെ മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളെന്ന് പേരെടുത്ത വിയ 1995-ൽ ബാലൺ ഡി ഓർ സ്വന്തമാക്കുകയും ഫിഫയുടെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ആഫ്രിക്കൻ താരം കൂടിയായിരുന്നു അദ്ദേഹം.നിലവിൽ ലൈബീരിയൻ പ്രസിഡന്റ് കൂടിയാണ് ജോർജ് വിയ.