
ഇന്ന് സ്പെയ്നോട് തോറ്റാൽ ജർമ്മനിക്ക് പുറത്തേക്കുള്ള വഴി തെളിയും
ദോഹ: ആദ്യ മത്സരത്തിൽ ജപ്പാനോട് അപ്രതീക്ഷിതമായി തോറ്റ ജർമ്മനി ഇന്ന് നിലനിൽപ്പിനായുള്ള പോരാട്ടത്തിനിറങ്ങുമ്പോൾ എതിരാളികൾ കരുത്തരായ സ്പെയ്ൻ. ഇന്ന് മുൻചാമ്പ്യൻമാരും യൂറോപ്യൻ വമ്പൻമാരുമായ ടീമുകൾ നേർക്കുനേർ വരുമ്പോൾ ആവേശം ഇരട്ടിയാക്കുന്നത് തുടർച്ചയായ രണ്ടാം ലോകകപ്പിലും ജർമ്മനി ഗ്രൂപ്പ് റൗണ്ടിൽ പുറത്താകുമോ എന്ന ഭീതിതന്നെ .
ആദ്യ മത്സരത്തിൽ കോസ്റ്ററിക്കയെ മറുപടിയില്ലാത്ത ഏഴ് ഗോളുകൾക്ക് തരിപ്പണമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് സ്പെയിൻ ബൂട്ടുകെട്ടുന്നത്. ഇന്ന് സ്‌പെയ്‌നിന് മുന്നിൽ വീണാൽ കഴിഞ്ഞ ലോകകപ്പിലെപ്പോലെ ആദ്യ റൗണ്ടവസാനിക്കുമ്പോഴേ ജർമനിക്ക് നാട്ടിലേക്കുള്ള ടിക്കറ്റ് ഏറെക്കുറെ ഉറപ്പാകും.
പരിക്കിനെത്തുടർന്ന് കഴിഞ്ഞ മത്‌സരത്തിൽ കളിക്കാതിരുന്ന ജർമ്മൻ സൂപ്പർ താരം ലെറോയ് സാനെ ഇന്ന് കളത്തിലിറങ്ങിയേക്കുമെന്നാണ് വിവരം. ജപ്പാനെതിരെ ആദ്യ പകുതിയിൽ ഒരുഗോളടിച്ച് നന്നായി കളിച്ചെങ്കിലും രണ്ടാം പകുതിയിൽ ജാപ്പനീസ് മുന്നേറ്റത്തിന് മുന്നിൽ ജർമനി കടപുഴകുകയായിരുന്നു.ഗുണ്ടോഗനെയും മുള്ളറേയും പിൻവലിക്കാനുള്ള ജർമൻ കോച്ച് ഹാൻസ് ഫ്ലിക്കിന്റെ തീരുമാനവും തിരിച്ചടിയായിരുന്നു. ജപ്പാനെതിരായ പഴവുകളിൽ നിന്ന് പാഠമുൾക്കൊണ്ട് സ്‌പെയ്നെതിരെ തിരിച്ചുവരവ് നടത്താനാകുമെന്നാണ് ജർമ്മൻ ടീമിന്റേയും ആരാധകരുടേയും പ്രതീക്ഷ.
മറുവശത്ത് സ്പാനാഷ് കോച്ച് ലൂയിസ് എൻറിക്കെ വലിയ സന്തോഷത്തിലാണ് . ടൂർണമെന്റിലെ ഏറ്റവും മികച്ച തുടക്കം നേടാനായത് അവരുടെ ആത്മവിശ്വാസം ഏറെ ഉയർത്തിയിട്ടുണ്ട്. പാസുകളിലും പൊസഷനിലും വലിയ ആധിപത്യമുണ്ടെങ്കിലും ഗോളടിക്കുന്നില്ലെന്ന പഴികേട്ടുകൊണ്ടിരുന്ന സ്പെയ‌്ൻ കോസ്റ്ററിക്കയ്ക്കെതിരായ പ്രകടനത്തോടെ വിമർശകരുടെ വായ അടപ്പിച്ചു കഴിഞ്ഞു. കോസ്റ്ററിക്കയ്ക്കെതിരെ ഇറങ്ങിയ അതേ ഇലവനെ തന്നെയാകും സ്പെയ്ൻ കളത്തിലിറക്കുകയെന്നാണ് വിവരം. യുവതാരങ്ങളും പരിചയ സമ്പന്നരും ഒരേപോലെ മികവിലേക്കുയർന്നത് സ്പെയ്നിന് അനുകൂലഘടകമാണ്.
അതേസമയം ജർമ്മനിയെ നിസാരരായി കണ്ടാൽ അത് നാശത്തിലേക്കായിരിക്കുമെന്ന് മറ്റാരെക്കാളും സ്പാനിഷ് കോച്ച് എൻറിക്കെയ്ക്ക് അറിയാം. ഒരുമത്സരം തോറ്റതിന്റെ മുറിവുമായെത്തുന്ന അവർ പതിവിലേറെ അപകടകാരികളായിരിക്കും. സ്പെയ്‌നിന്റെ പാസിംഗ് ഗെയിമിനെ പ്രസിംഗിലൂടെയും ലോംഗ് പാസുകളിലൂടെയും മറികടക്കാനാവും ജർമൻ ശ്രമം.
തുല്യശക്തികൾ
ഇതുവരെ നേർക്കുനേർ ഏറ്റുമുട്ടിയ 25 മത്സരങ്ങളിൽ 9 എണ്ണത്തിൽ ജർമ്മനി ജയിച്ചു.
8 എണ്ണത്തിൽ സ്പെയ്‌നും. 8 എണ്ണം സമനിലയുമായി.
അവസാനം ഇരുടീമും ഏറ്റുമുട്ടിയ മത്സരത്തിൽ ജർമ്മനിയെ മറുപടിയില്ലാത്ത ആറ് ഗോളുകൾക്ക് സ്പെയ്ൻ തകർത്തിരുന്നു.
ലോകകപ്പിൽ മുൻപ് നാല് തവണ ഏറ്റുമുട്ടിയപ്പോൾ രണ്ട് തവണ ജർമനി ജയിച്ചു. ഒരുതവണ സ്പെയ്‌നും. ഒരു മത്സരം സമനിലയായി.
ലോകകപ്പിൽ അവസാനം ഏറ്റമുട്ടിയത് 2010ലെ സെമിയിൽ. അന്ന് സ്പെയ്‌നായിരുന്നു ജയം.
അവസാനം ഏറ്റുമുട്ടിയ ഏഴ് മത്സരങ്ങളിൽ ഒരു തവണയേ ജർമനിക്ക് സ്പെയ്നെ കീഴടക്കാനായുള്ളൂ.
നിലവിൽ
ഗ്രൂപ്പ് ഇയിൽ 3 പോയിന്റുമായി സ്പെയ്ൻ ഒന്നാം സ്ഥാനത്താണ്. പോയിന്റില്ലാത്ത ജർമനി മൂന്നാമതും.