sredha-murder

ന്യൂഡൽഹി: ശ്രദ്ധ കൊലക്കേസിൽ പ്രതി അഫ്താബ് അമീൻ പൂനെവാലയെ തിങ്കളാഴ്ച നാർക്കോ പരിശോധനയ്ക്ക് വിധേയനാക്കും. കഴിഞ്ഞദിവസങ്ങളിൽ അഫ്താബിനെ പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നെങ്കിലും ഇത് കൃത്യമായി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പ്രതിക്ക് പനിയായതിനാൽ വ്യാഴാഴ്ച പോളിഗ്രാഫ് പരിശോധന പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്. തുടർന്ന് വെള്ളിയാഴ്ച മൂന്ന് മണിക്കൂർ കൂടി പരിശോധന നടന്നിരുന്നു. പരിശോധന ആരംഭിക്കുന്നതിന് മുമ്പ് ശക്തമായ ചുമയും മറ്റും അനുഭവപ്പെട്ടതിനാൽ പൂർത്തിയാക്കാൻ കഴിഞ്ഞില്ല.ശ്രദ്ധയുമായുള്ള അടുപ്പം, ബന്ധത്തിൽ വിള്ളലുണ്ടാകാനുള്ള കാരണങ്ങൾ, കൊലപാതകം നടത്തിയരീതി, മൃതദേഹം ഉപേക്ഷിച്ച സ്ഥലങ്ങൾ, ആയുധങ്ങൾ തുടങ്ങിയവയെക്കുറിച്ചെല്ലാം ചോദ്യങ്ങളുണ്ടായിരുന്നു.

അതിനിടെ ശ്രദ്ധയെ കൊലപ്പെടുത്തിയതിന് ശേഷം അഫ്താബ് തന്റെ ഫ്‌ളാറ്റിലേക്ക് കൊണ്ടുവന്ന മറ്റൊരു യുവതി ഡോക്ടറാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ശ്രദ്ധയെ പരിചയപ്പെട്ട അതേ ഡേറ്റിംഗ് ആപ്പിലൂടെയാണ് സൈക്കോളജിസ്റ്റായ ഈ യുവതിയുമായും അഫ്താബ് അടുപ്പം സ്ഥാപിച്ചിരുന്നത്. ശ്രദ്ധയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കെയാണ് പ്രതി ഈ യുവതിയെ ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചത്.

ഡേറ്റിംഗ് ആപ്പ് വഴി ഒട്ടേറെ പെൺകുട്ടികളുമായി ഇയാൾ അടുപ്പം പുലർത്തിയിരുന്നതായും പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

•പ്രതി അഫ്താബ് പൂനാവാലയെ നാർക്കോ അനാലിസിസ് ടെസ്റ്റ് നടത്തി ശ്രദ്ധ വാക്കർ വധക്കേസിലെ ദുരൂഹത പുറത്തുകൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഡൽഹി പൊലീസ്.

•27 കാരിയായ ശ്രദ്ധയെ അഫ്താബ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, അവളുടെ ശരീരം 35 കഷണങ്ങളാക്കി മുറിച്ച് 20 ദിവസത്തോളം ഫ്രിഡ്ജില്‍ സൂക്ഷിച്ചു. ശേഷം ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ചു എന്നാണ് കേസ്.

•അഫ്താബിന്റെ ഫ്ളാറ്റിൽ നിന്ന് അഞ്ച് കത്തികളും ഡൽഹി പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്, അവ കുറ്റകൃത്യം നടത്താൻ ഉപയോഗിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാൻ എഫ്എസ്എല്ലിലേക്ക് അയച്ചതായി വാർത്താ എജൻസികൾ റിപ്പോർട്ട് ചെയ്തു.