 
ലണ്ടൻ : രാജ്യത്തേക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി വിദേശ വിദ്യാർത്ഥികളുടെ എണ്ണം വെട്ടിച്ചുരുക്കുന്നത് ഉൾപ്പെടെ സാദ്ധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഗുണനിലവാരം കുറഞ്ഞ കോഴ്സുകൾ തിരഞ്ഞെടുക്കുന്ന വിദേശ വിദ്യാർത്ഥികൾക്കും അവരുടെ ആശ്രിതർക്കും നിയന്ത്രണം ഏർപ്പെടുത്താനാണ് നീക്കമെന്ന് ഒരു ബ്രിട്ടീഷ് മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
അതേസമയം ഗുണനിലവാരമില്ലാത്ത കോഴ്സുകളും ബിരുദങ്ങളും ഏതാണെന്ന് വ്യക്തമാക്കിയിട്ടില്ല. സ്റ്റുഡന്റ് വിസയിലെത്തുന്നവർ കുടുംബാംഗങ്ങളെയും ഒപ്പം കൂട്ടുന്നത് വർദ്ധിച്ചതോടെയാണ് ഇത്തരമൊരു നടപടിയെന്നാണ് സൂചന.
യു.കെയിലെ കുടിയേറ്റ നിരക്ക് 2021ൽ 173,000 ആയിരുന്നത് ഈ വർഷം 504,000 ആയി ഉയർന്നെന്ന് ഒഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കിൽ പറയുന്നു. ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഏറെയുള്ളത്. ചൈനീസ് വിദ്യാർത്ഥികളായിരുന്നു ഇതിനു മുമ്പ് കൂടുതൽ. ഈ വർഷം യു.കെയിലേക്ക് ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണത്തിൽ റെക്കോഡ് വർദ്ധനയാണുണ്ടായത്.
അതേ സമയം, വിദേശ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കുക എളുപ്പമല്ലെന്നാണ് വിലയിരുത്തൽ. ഉന്നത നിലവാരത്തിലുള്ളത് ഒഴിച്ചുള്ള ബ്രിട്ടീഷ് സർവകലാശാലകൾ തദ്ദേശീയ വിദ്യാർത്ഥികളിൽ നിന്ന് കുറഞ്ഞ ഫീസ് ഈടാക്കുമ്പോഴുണ്ടാകുന്ന നഷ്ടം നികത്തുന്നത് വിദേശ വിദ്യാർത്ഥികളിൽ നിന്നീടാക്കുന്ന ഉയർന്ന ഫീസിലൂടെയാണ്. ഗുണനിലവാരം ഇല്ലാത്ത കോഴ്സുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് ചില വിദ്യാഭ്യാസ സ്ഥാപനങ്ങളെ പാപ്പരാക്കുമെന്നും റിപ്പോർട്ടുണ്ട്. താത്കാലികമായെത്തുന്ന വിദേശ വിദ്യാർത്ഥികളെ കുടിയേറ്റക്കാരായി കണക്കാക്കരുതെന്നാണ് ഇന്ത്യൻ വിദ്യാർത്ഥി സംഘടനകളുടെ ആവശ്യം. യു.കെയിലെ കുടിയേറ്റ നിരക്ക് കുറയ്ക്കുമെന്നാണ് ഋഷി സർക്കാരിന്റെ വാഗ്ദാനം.
കുടിയേറ്റം കുറയ്ക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഹോം സെക്രട്ടറിയും ഇന്ത്യൻ വംശജയുമായ സുവെല്ല ബ്രേവർമാനും വ്യക്തമാക്കിയിരുന്നു.
വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവരിൽ ഏറിയ പങ്കും ഇന്ത്യൻ കുടിയേറ്റക്കാരാണെന്ന് സുവെല്ല കുറ്റപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര വിദ്യാർത്ഥികൾ ആശ്രിതരെ ഒപ്പം കൂട്ടുന്നത് രാജ്യത്തിന്റെ വളർച്ചയെ ബാധിക്കുന്നുണ്ടെന്നും സുവെല്ല ചൂണ്ടിക്കാട്ടി.
 ബ്രിട്ടീഷ് സർവകലാശാലകളിലെ വിദേശ വിദ്യാർത്ഥികൾ
 2016 - 17 - 4,50,835
 2017 - 18 - 4,69,160
 2018 - 19 - 4,96,110
 2019 - 20 - 5,56,625
 2020 - 21 - 6,05,130