amit-sha-

അഹമ്മദാബാദ്: മഹുധായിൽ ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ തിരഞ്ഞെടുപ്പു പ്രചാരണപ്രസംഗം വിവാദത്തിൽ. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട പരാമർശങ്ങളാണ് വിവാദമായത്. മുമ്പ് കോൺഗ്രസിന്റെ പിന്തുണയോടെ ഗുജറാത്തിൽ അക്രമം അഴിച്ചുവിട്ടിരുന്ന സാമൂഹികവിരുദ്ധശക്തികളെ 2002-ൽ പാഠം പഠിപ്പിച്ചു. അതോടെ, അതോടെ അവർ അടങ്ങിയെന്നും സംസ്ഥാനത്ത് ബി.ജെ.പി. സുസ്ഥിര സമാധാനം ഉറപ്പാക്കിയെന്നും ഖേഡ ജില്ലയിലെ മഹുധ പട്ടണത്തിൽ തിരഞ്ഞെടുപ്പു റാലിയിൽ അമിത് ഷാ പറഞ്ഞു. 2002ൽ ഗോധ്ര തീവണ്ടി തീവെപ്പിനെത്തുടർന്ന് ഗുജറാത്തിൽ കലാപം കത്തിപ്പടർന്നത്. കലാപം തിരഞ്ഞെടുപ്പു പ്രചാരണത്തിൽ അമിത് ഷാ ആയുധമാക്കുകയാണെന്ന് കോൺഗ്രസും ആം ആദ്മി പാർട്ടിയും ആരോപണമുയർത്തിയിട്ടുണ്ട്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് രാജ്യം കടപ്പെട്ടിരിക്കുന്നെന്നും ഷാ പറഞ്ഞു.

1995-നു മുൻപ് കോൺഗ്രസ് ഭരണകാലത്ത് ഗുജറാത്തിൽ വർഗീയ കലാപങ്ങൾ പതിവായിരുന്നു, ജനങ്ങൾക്കിടയിൽ പ്രകോപനം സൃഷ്ടിച്ച് സമുദായങ്ങളെ തമ്മിലടിപ്പിച്ച് സംഘർഷമുണ്ടാക്കി കോൺഗ്രസ് സ്വന്തം വോട്ട് ബാങ്ക് ശക്തിപ്പെടുത്താനാണ് ശ്രമിച്ചത്. അക്രമം പതിവാക്കിയവർക്ക് കോൺഗ്രസിൽനിന്ന് സ്ഥിരമായി പിന്തുണ ലഭിച്ചു. അതാണ് 2002-ലെ കലാപത്തിന് വഴിയൊരുക്കിയത്.” -അമിത് ഷാ ആരോപിച്ചു.