squid-game

നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്ത് ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള വെബ് സീരീസാണ് സ്ക്വിഡ് ഗെയിം. സൗത്ത് കൊറിയയിലെ പരമ്പരാഗത വിനോദങ്ങൾ മരണക്കുരുക്കായി മാറുന്നതും എന്നാൽ വമ്പിച്ച പ്രതിഫലം മൂലം നിരവധി പേർ മത്സരങ്ങളിൽ പങ്കെടുക്കാൻ നിർബന്ധിതരാകുന്നതുമായിരുന്നു സ്ക്വിഡ് ഗെയിമിന്റെ കഥാപശ്ചാത്തലം. സ്ക്വിഡ് ഗെയിമിലെ വേറിട്ട പ്രകടനം മൂലം ഏറെ പ്രശസ്തിയും ഒപ്പം അംഗീകാരങ്ങളും തേടിയെത്തിയ പ്രമുഖ താരത്തിനെതിരെ ലൈംഗികാതിക്രമത്തിന് പരാതി ലഭിച്ചതായാണ് ഇപ്പോൾ കൊറിയയിൽ നിന്ന് പുറത്ത് വരുന്ന വാർത്ത.

സ്ക്വിഡ് ഗെയിമിലെ '001' എന്ന വയോധികന്റെ കഥാപാത്രം അവതരിപ്പിച്ച 'ഓ യുങ് സു'വിനെതിരെയാണ് ലൈംഗികാരോപണം ഉയർന്ന് വന്നത്. 2017-ൽ നടന്ന സംഭവത്തിൽ 78-കാരനായ താരം ശരീരത്തിൽ മോശമായി സ്പർശിച്ചു എന്ന യുവതിയുടെ പരാതിയിൽ ഓ യുങ് സുവിനെതിരെ കേസെടുത്തിട്ടുണ്ട്. 2021-ൽ യുവതി താരത്തിനെതിരെ പരാതി നൽകിയിരുന്നെങ്കിലും 2022 ഏപ്രിലിൽ കേസിലെ നടപടികൾ അവസാനിപ്പിച്ചിരുന്നു. യുവതി വീണ്ടും പരാതി ഉന്നയിച്ചതിന് ശേഷം പൊലീസ് കേസ് റീ ഓപ്പൺ ചെയ്യുകയായിരുന്നു. തനിക്കെതിരെയുള്ള യുവതിയുടെ പരാതി ഓ യുങ് സു പാടേ നിഷേധിച്ചിട്ടുണ്ട്.

'Squid Game' actor #OhYoungSoo is arrested on charges of sexual misconducthttps://t.co/PfSsipoZq0

— allkpop (@allkpop) November 25, 2022

താരങ്ങൾക്കെതിരെ ലൈംഗിക ആരോപണമുണ്ടായാൽ അവരുടെ കഥാപാത്രത്തെ പിൻവലിക്കുന്ന പതിവ് നെറ്റ്ഫ്ലിക്സ് അടക്കമുള്ള ഒടിടി പ്ളാറ്റ്‌ഫോമുകൾക്കുണ്ട്. സ്ക്വിഡ് ഗെയിമിന്റെ രണ്ടാം സീസണായി ആരാധകർ കാത്തിരിക്കവേയാണ് ലൈംഗികാരോപണം വീണ്ടും ഉയർന്ന് വന്നത്. താരം അഭിനയിച്ച പരസ്യങ്ങൾക്ക് കൊറിയയിൽ സംപ്രേഷണ വിലക്ക് പ്രഖ്യാപിച്ചതായാണ് വിവരം. സീരീസിലെ മികച്ച പ്രകടനം വഴി സഹനടനുള്ള ഗോൾഡൻ ഗ്ളോബ് പുരസ്കാരം ആദ്യമായി ദക്ഷിണ കൊറിയയിലെത്തിച്ച നടനാണ് ഓ യുങ് സു.