
ദോഹ : ലോകകപ്പ് ഫുട്ബാൾ ഗ്രൂപ്പ് ഡി യിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ 2-1ന് ഡെൻമാർക്കിനെ തോൽപ്പിച്ച നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് ഖത്തറിൽ പ്രീ ക്വാർട്ടറിലെത്തുന്ന ആദ്യ ടീമായി.യുവതാരം കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോളുകളാണ് ഫ്രാൻസിന് വിജയം നൽകിയത്. ആദ്യ മത്സരത്തിൽ 4-1ന് ആസ്ട്രേലിയയെയും ഫ്രാൻസ് തോൽപ്പിച്ചിരുന്നു.
അതേസമയം ഇന്നലെ എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് സൗദിയെ കീഴടക്കിയ പോളണ്ട് ഗ്രൂപ്പ് സിയിൽ പ്രീ ക്വാർട്ടർ സാദ്ധ്യത സജീവമാക്കി. അർജന്റീനയെ തകർത്ത് അട്ടിമറിക്ക് തുടക്കമിട്ട സൗദി അറേബ്യൻ വീര്യം ലെവൻഡോവ്സ്കിയുടെ പോളണ്ടിന് മുന്നിൽ ചെലവായില്ല.
ആദ്യ പകുതിയിൽ പോയ്റ്റർ സീലൻസ്കിയും രണ്ടാം പകുതിയിൽ സൂപ്പർ താരം റോബർട്ടോ ലെവൻഡോവ്സ്കിയുമാണ് പോളണ്ടിനായി ഗോളുകൾ നേടിയത്. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ സൗദിയുടെ സലിം അൽദവാസിരി എടുത്ത പെനാൽറ്റി കിക്ക് സേവ് ചെയ്ത പോളിഷ് ഗോളി സ്ഷീഷെൻസ്കിയാണ് മത്സരത്തിൽ വഴിത്തിരിവുണ്ടാക്കിയത്.
യൂറോപ്പിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായ റോബർട്ട് ലെവൻഡോവ്സ്കിയുടെ കന്നി ലോകകപ്പ് ഗോളിനാണ് ഇന്നലെ ഖത്തർ സാക്ഷ്യം വഹിച്ചത്. 82-ാം മിനിട്ടിൽ ഡിഫൻഡർ അൽ മൽക്കിയുടെ പിഴവ് മുതലെടുത്താണ് ലെവൻ സ്കോർ ചെയ്തത്.
ഓസീസിന് ജയം
ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ആസ്ട്രേലിയ 1-0ത്തിന് ടുണീഷ്യയെ തോൽപ്പിച്ചു. ഒരു വ്യാഴവട്ടത്തിന് ശേഷമാണ് ആസ്ട്രേലിയ ലോകകപ്പിൽ വിജയം നേടുന്നത്. 23-ാം മിനിട്ടിൽ മിച്ചൽ ഡ്യൂക്കാണ് വിജയ ഗോളടിച്ചത്.
എതിരാളി സ്പെയിൻ
ജർമ്മനി വിയർക്കും
ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തിൽ ജപ്പാനു മുന്നിൽ അടിതെറ്റിയ ജർമ്മനി ഇന്ന് സ്പെയിനിനെ നേരിടും. ഇന്ത്യൻ സമയം 12.30ന് നടക്കുന്ന മത്സരത്തിൽ തോറ്റാൽ ജർമ്മനിയുടെ പ്രീ ക്വാർട്ടർ പ്രതീക്ഷകൾ വെള്ളത്തിലാവും. ആദ്യ മത്സരത്തിൽ കോസ്റ്റാറിക്കയെ 7-0ന് തരിപ്പണമാക്കി നിൽക്കയാണ് സ്പാനിഷ് യുവനിര.