
ദോഹ : അർജന്റീനയെ തകർത്ത് അട്ടിമറിക്ക് തുടക്കമിട്ട സൗദി അറേബ്യ പോളണ്ടിന് മുന്നിൽ വീണു.  എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഇന്ന് നടന്ന രണ്ടാമത്തെ മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് സൗദിയെ കീഴടക്കിയ പോളണ്ട് ഗ്രൂപ്പ് സിയിൽ പ്രീ ക്വാർട്ടർ സാദ്ധ്യത സജീവമാക്കി. ഒരു പെനാൽട്ടിയും ഒരു ഡസനോളം അവസരങ്ങളും തുലച്ച സൗദി മികച്ച പോരാട്ടമാണ് പോളണ്ടിനെതിരെ പുറത്തെടുത്തത്.
ആദ്യ പകുതിയിൽ പോയ്റ്റർ സെലിൻസ്കിയും രണ്ടാം പകുതിയിൽ സൂപ്പർ താരം റോബർട്ടോ ലെവൻഡോവ്സ്കിയുമാണ് പോളണ്ടിനായി ഗോളുകൾ നേടിയത്. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ സൗദിയുടെ സലിം അൽദവാസിരി എടുത്ത പെനാൽറ്റി കിക്ക് സേവ് ചെയ്ത പോളിഷ് ഗോളി സ്ഷീഷെൻസ്കിയാണ് മത്സരത്തിൽ വഴിത്തിരിവുണ്ടാക്കിയത്.
കച്ച ഒത്തിണക്കത്തോടെ മികച്ച ആക്രമണങ്ങളുമായാണ് സൗദി തുടങ്ങിയത്. മറുവശത്ത് മെക്സിക്കോയോട് സമനില വഴങ്ങിയതിനെത്തുടർന്ന് നോക്കൗട്ടിലെത്താൻ ജയം അനിവാര്യമായ മത്സരത്തിൽ പോളണ്ടും ലെവൻഡോവ്സ്കിയുടെ നേതൃത്വത്തിൽ നിറഞ്ഞാടുകയായിരുന്നു.
39-ാം മിനിട്ടിലാണ് സെലിൻസ്കിയിലൂടെ പോളണ്ട് ലീഡെടുത്തത്. എന്നാൽ 44-ാം മിനിട്ടിൽ അൽ ഷെഹ്‌രിയെ പോളണ്ടിന്റെ ക്രിസ്റ്ര്യൻ ബെയ്ലിക് ഫൗൾ ചെയ്തതിന് സൗദിക്ക് പെനാൽറ്റി ലഭിച്ചു. വാറിന്റെ സഹായത്തോടെയാണ് സൗദിക്ക് പെനാൽറ്റി കിട്ടിയത്.
അൽ ദാവാരിയെടുത്ത പെനാൽറ്റി കിക്ക് മനോഹരമായി തട്ടിക്കളഞ്ഞ ഷെസ്നി റീബൗണ്ടിൽ നിന്ന് മുഹമ്മദ് അൽ ബ്രേയ്‌കിന്റെ ഗോൾ ശ്രമവും പരാജയപ്പെടുത്തി പോളണ്ടിന്റെ രക്ഷകനായി.
അർജന്റീനയ്ക്കെതിരെയെന്ന പോലെ രണ്ടാം പകുതിയിലും തുടക്കം മുതൽ സൗദി ആക്രമിച്ചുകയറി. മറുവശത്ത് പോളണ്ടും ആക്രമണങ്ങൾ തുടർന്നു കൊണ്ടിരുന്നു. 64–ാം മിനിട്ടിൽ അർകാദിയുസ് മിലികിന്റെ തകർപ്പൻ ഡൈവിംഗ് ഹെഡർ ക്രോസ് ബാറിൽ തട്ടിത്തെറിച്ചത് കണ്ട് പോളിഷ് ആരാധകർ തലയിൽ കൈവച്ചു. സൗദി താരങ്ങൾ ആക്രമണം കനപ്പിച്ചതോടെ തുറന്ന് കിട്ടിയ അവസരങ്ങൾ മുതലാക്കി പോളണ്ടും അവസരങ്ങൾ സൃഷിടിച്ചു. 82-ാംമിനിട്ടിൽ സൗദി പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ലെവൻഡോവ്സ്കി പോളണ്ടിന്റെ വിജയമുറപ്പിച്ച ഗോൾ നേടുകയായിരുന്നു. മെക്സിക്കോയ്ക്ക് എതിരെ പെനാൽറ്റി നഷ്ടപ്പെടുത്തിയതിന് പ്രായശ്ചിത്തമായി ലെവന് ഈ ഗോൾ.
യൂറോപ്പിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായ റോബർട്ട് ലെവൻഡോവ്സ്കിയുടെ കന്നി ലോകകപ്പ് ഗോളിനാണ് ഇന്നലെ ഖത്തർ സാക്ഷ്യം വഹിച്ചത്. 82-ാം മിനിട്ടിൽ ഡിഫൻഡർ അൽ മൽക്കിയുടെ പിഴവ് മുതലെടുത്താണ് ലെവൻ സ്കോർ ചെയ്തത്.
  ആദ്യ മത്സരത്തിൽ ആസ്ട്രേലിയ 1-0ത്തിന് ടുണീഷ്യയെ തോൽപ്പിച്ചു. ഒരു വ്യാഴവട്ടത്തിന് ശേഷമാണ് ആസ്ട്രേലിയ ലോകകപ്പിൽ വിജയം നേടുന്നത്. 23-ാം മിനിട്ടിൽ മിച്ചൽ ഡ്യൂക്കാണ് വിജയ ഗോളടിച്ചത്.