
അരുവിക്കര തിരുവനന്തപുരം : മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജർ അതി ഭദ്രാസനതിന്റെ സാമൂഹ്യ ക്ഷേമ വിഭാഗമായ മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റിയും, തിരുവനന്തപുരം കുടുംബശ്രീ ജില്ലാ മിഷനും സ്‌നേഹിതാ ഹെൽപ്പ് ഡസ്‌ക്കും ചേർന്ന് കാരിത്താസ് ഇന്ത്യയുടെ സഹായത്തോടെ നടപ്പാക്കുന്ന 'ജൻഡർ ബെയ്സ്ഡ് വയലൻസ്' ബോധവൽക്കരണ ക്ലാസ്സ് , സി ഡി എസ് , ജി ആർ സി എന്നിവയുടെ നേതൃത്വത്തിൽ അരുവിക്കര ഗ്രാമപഞ്ചായത്തിൽ നടന്നു.
സമൂഹത്തിൽ ഇന്ന് സ്ത്രീകൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന നാനാവിധമായ അതിക്രമങ്ങൾക്കുമെതിരെ എങ്ങനെ പ്രതികരിക്കാം, ഏതൊക്കെ രീതിയിൽ ഇടപെടലുകൾ നടത്താം, പരിഹാരങ്ങൾ നിയമപരമായും അല്ലാതെയും ചെയ്യാം എന്നുള്ളതിനെക്കുറിച്ചെല്ലാം അറിവ് പകർന്നുനൽകിയ ഒരു പരിപാടിയായിരുന്നു നടന്നത്.
ഗ്രാമ പഞ്ചായത്ത് സി ഡി എസ് ചെയർപേഴ്സൺ ഒ എസ് പ്രീതയുടെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റി ചീഫ് കോർഡിനേറ്റർ റോഷിൻ സാം വിഷയവതരണം നടത്തി, ആർ ട്രീ ഫൗണ്ടേഷൻ ചെയർമാൻ രാകേഷ് ചന്ദ്രൻ ക്ലാസുകൾ നയിച്ചു. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ദീപ, സി ഡി എസ് വൈസ് ചെയർപേഴ്സൺ ഗീതാഞ്ജലി, സ്‌നേഹിതാ സർവീസ് പ്രൊവിഡർ അനു, ജി ആർ സി കമ്മ്യൂണിറ്റി കൗൺസിലർ സൗമ്യ, സനൽകുമാർ എന്നിവർ സംസാരിച്ചു.