paramilitary

ഗാന്ധിനഗർ: സഹപ്രവർത്തകന്റെ വെടിയേറ്റ് രണ്ട് അ‌ർദ്ധസൈനിക ജവാൻമാർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് ഗുരുതര പരിക്ക്. ഗുജറാത്തിലെ പോർബന്തറിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. ഇലക്ഷൻ ഡ്യൂട്ടിയ്ക്കായി ഗുജറാത്തിൽ എത്തിയ ഇന്ത്യൻ റിസർവ് ബറ്റാലിയൻ (ഐ ആർ ബി) സൈനികർക്ക് നേരെയാണ് ആക്രമണമുണ്ടായത്.

എകെ 47 തോക്ക് വച്ചുള്ള ആക്രമണത്തിൽ തോയ്‌ബ സിംഗ്, ജിതേന്ദ്ര സിംഗ് എന്നീ സൈനികരാണ് കൊല്ലപ്പെട്ടത്. കോൺസ്റ്റബിൾ എസ് ഇനൗച്ചസിംഗ് ആണ് സൈനികരെ ആക്രമിച്ചതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ആക്രമണത്തിൽ പരിക്കേറ്റ കോൺസ്റ്റബിൾമാരായ ഛോര ജിത്ത്, രോഹികാന എന്നിവർക്ക് ആദ്യം പോർബന്തറിലെ ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ജാംനഗറിലെ ആശുപത്രിയിലേയ്ക്കും മാറ്റി. ഒരാൾക്ക് വയറിലും മറ്റൊരാൾക്ക് കാലിലുമാണ് വെടിയേറ്റത്. മണിപ്പൂരിൽ നിന്നുള്ള സി ആർ പി എഫ് ഉദ്യാഗസ്ഥരാണ് ഇവർ.

ആക്രമണകാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഗുജറാത്ത് പൊലീസ് വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോർബന്തറിൽ ഡിസംബർ ഒന്നിനാണ് ആദ്യഘട്ട പോളിംഗ് നടക്കുന്നത്.