
1991ൽ പിതാവുമായി വഴക്കിട്ടാണ് ജിം ഒഷിയ ഇഷ്ട ബ്രാൻഡായ വോൾവോയുടെ സെഡാൻ വാങ്ങിയത്. ഫോർഡ് വാങ്ങാത്തതിന്റെ പേരിൽ പിതാവുമായി തർക്കം വരെയുണ്ടായി. എന്നാൽ താൻ ഈ കാറിൽ പത്ത് ലക്ഷം മൈൽ തികയ്ക്കുമെന്ന മകന്റെ വാശി ഒടുവിൽ ഫലം കണ്ടിരിക്കുകയാണ്. നീണ്ട മുപ്പത് വർഷത്തിനിടയിൽ പതിനാറ് ലക്ഷം കിലോമീറ്ററാണ് ജിം കാറിൽ പറന്ന് നടന്നത്.
1991ൽ വോൾവോ സെഡാൻ കാർ വാങ്ങിയ ശേഷം ഉടമയുടെ ജീവിതത്തിൽ വളരെ വലിയ മാറ്റങ്ങളുണ്ടായി. എന്നാൽ ജീവിത സാഹചര്യം മാറിയിട്ടും തന്റെ ഇഷ്ടവാഹനത്തെ കൈവിടാൻ ഇദ്ദേഹം തയ്യാറായിരുന്നില്ല. ഇതിനുള്ള പ്രധാനകാരണമായി ജിം പറയുന്നത് തന്റെ കാർ പരിപാലിക്കാൻ വളരെ എളുപ്പമായിരുന്നു എന്നതാണ്. ബൾബുകൾ മാറ്റുന്നതും മറ്റും കാറിൽ ചെറിയ റിപ്പയറിംഗുമെല്ലാം സ്വന്തമായി ചെയ്യാനാവും. ഒരു സാധാരണക്കാരന് പോലും ഇതെല്ലാം സാദ്ധ്യമാണ്.
നീണ്ട മുപ്പത് വർഷം ഓടിച്ചുവെങ്കിലും ഇതുവരെ കാർ അപകടമുണ്ടാക്കിയിട്ടില്ലെന്ന് പറയുന്ന ജിം ഇപ്പോഴും തന്റെ കാർ 120 കിലോമീറ്റർ സ്പീഡിൽ പറക്കാൻ തയ്യാറാണെന്നാണ് അവകാശപ്പെടുന്നത്. അഞ്ച് ലക്ഷം മൈൽ പിന്നിട്ടപ്പോൾ എഞ്ചിൻ റിപ്പയർ ചെയ്യേണ്ടിവന്നു, ഇതിനൊപ്പം ട്രാൻസ്മിഷനും മാറ്റി വച്ചു. എന്നാൽ അടുത്തിടെ തന്റെ ഇഷ്ടകാർ നിവൃത്തിയില്ലാതെ മാറ്റാൻ ജിം തീരുമാനിച്ചു. കാർ മുപ്പത് വർഷം പിന്നിട്ടതോടെ ഡ്രൈവ് ചെയ്യുമ്പോൾ ചില ബുദ്ധിമുട്ടുകൾ കണ്ടതിനെ തുടർന്നായിരുന്നു ഇത്. പാനലുകളിൽ തുരുമ്പ് പിടിച്ചു തുടങ്ങിയതും ഉടമയെ ഇത്തരമൊരു ചിന്തയിലെത്തിച്ചു.
എന്നാൽ ഇവിടെ ഉടമയെ ഞെട്ടിച്ചത് വോൾവോ കമ്പനിയാണ്. മില്യൺ മൈലുകൾ പൂർത്തിയാക്കിയ മാന്യനായ കസ്റ്റമർക്ക് പുത്തൻ വോൾവോ സമ്മാനമായി കമ്പനി നൽകി. 2022 മോഡൽ വോൾവോ എസ്60 ആഡംബര സെഡാനാണ് ജിമ്മിനായി കമ്പനി നൽകിയത്. ഇത് രണ്ട് വർഷത്തേയ്ക്ക് നിരവധി സേവനങ്ങളും കമ്പനി സൗജന്യമായി നൽകും. പുതിയ വോൾവോയിൽ 10 ലക്ഷം മൈലുകൾ കൂടി യാത്ര ചെയ്യാനാണ് ഇപ്പോൾ ഉടമയുടെ പദ്ധതി.