
കേരളത്തിലെ പാൽവില വർദ്ധന രൂക്ഷമായ അവസ്ഥയിലെത്തി നില്ക്കുകയാണല്ലോ. ഏതൊരു ഉത്പന്നത്തിനും ഉത്പാദനചെലവും ചെറിയ ലാഭവുമെങ്കിലും ലഭിച്ചില്ലെങ്കിൽ ഉത്പാദകർ പിന്മാറുന്നത് സ്വാഭാവികം. ഈ അവസരത്തിലാണ് മിൽമയുടെ പാൽവില വർദ്ധന ചർച്ചാവിഷയമാകുന്നത്. സഹകരണ മേഖലയായാലും പൊതുമേഖലയായാലും സാമൂഹ്യ പ്രതിബദ്ധത അനിവാര്യമാണ്. എന്നാൽ ഉത്പാദന ചെലവിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങൾ വിറ്റ് പ്രസ്ഥാനം നിലനിറുത്താൻ കഴിയില്ല. എന്നാൽ ഇതിന്റെ പേരിൽ നിരന്തരം വില വർദ്ധിപ്പിക്കാൻ അനുവദിച്ചാൽ ജനജീവിതം ദുസഹമാവുകയും ചെയ്യും.
സഹകരണ മേഖലയ്ക്ക് ഉൗന്നൽ നൽകി തന്നെയാകണം പരിഹാര നടപടികൾ. സഹകരണ മേഖലയ്ക്ക് പരിഗണന നൽകിയില്ലെങ്കിൽ കേരളത്തിലെ ക്ഷീരമേഖല അയൽ സംസ്ഥാനത്തെ സ്വകാര്യ കുത്തകകളുടെ കൈയിലോ വൻകിട സ്വകാര്യ മുതലാളിമാരുടെ ചൊൽപ്പടിയിലോ ചെന്നുപെടും.
കേരളത്തിലെ പാൽ ഉത്പാദനച്ചെലവ് സർക്കാർ നിയോഗിക്കുന്ന കമ്മിറ്റിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ പഠനവിധേയമാക്കണം. നാമമാത്ര കർഷകരും ചെറുകിട കർഷകരും ഡയറിഫാമുകളും അടങ്ങുന്നതാകണം പഠനപരിധി. കൈകാര്യചെലവിൽ ചെറിയ ഒരു തുകകൂടി ഉൾപ്പെടുത്തി പശുവിൻ പാലിന്റെ 'തറവില" സർക്കാർ നിശ്ചയിച്ച് ഉത്തരവ് നൽകണം. ഈ വില കർഷകർക്ക് ചുരുങ്ങിയ വിലയായി ലഭ്യമാക്കാൻ കർശന നടപടികൾ സ്വീകരിക്കുക.
പശുവിൻപാലിൽ മൂന്നരശതമാനം കൊഴുപ്പും എട്ടര ശതമാനം കൊഴുപ്പിതര ഖരപദാർത്ഥങ്ങളും ഉൾപ്പെടെ കുറഞ്ഞത് പന്ത്രണ്ട് ശതമാനം ആകെ ഖരപദാർത്ഥം എന്ന തോത് പാലിക്കാം. കൂടുതൽ ഖരപദാർത്ഥമുണ്ടെങ്കിൽ വില കൂടുതൽ നൽകട്ടെ. പ്രാഥമിക സഹകരണ സംഘങ്ങൾ പാസ്ചുറൈസ് ചെയ്യാതെ വിൽക്കുന്ന പാലിൽ ഒരു നിശ്ചിതസംഖ്യ കൈകാര്യ ചെലവ് കൂടി നൽകി വില്പനവിലയും നിശ്ചയിച്ച് ഉത്തരവു നൽകാം.
പ്രാഥമിക ക്ഷീരസഹകരണ സംഘങ്ങൾ പ്രാദേശികവില്പന കഴിഞ്ഞ് ബാക്കിവരുന്ന പാൽ മിൽമയ്ക്ക് നൽകുമ്പോൾ മിൽമ കർഷകർക്ക് നൽകേണ്ട 'തറവില"യും സംഘത്തിന്റെ കൈകാര്യ ചെലവിന് കമ്മിഷനും ചേർത്ത് നൽകണം.
നഗരവാസികൾക്ക് പാസ്ചുറൈസ് ചെയ്ത പാൽ മാത്രമല്ലേ ലഭിക്കൂ. പാസ്ചുറൈസേഷൻ ചെലവും കടത്തുകൂലിയും മറ്റ് ചെലവുകളും ചേർത്ത് മിൽമ ഉത്പന്നങ്ങളുടെ വില മിൽമ തന്നെ നിശ്ചയിക്കട്ടെ. ഇത് തറവിലയും മറ്റു ചെലവുകളും അനുസരിച്ച് എത്രയാണെന്ന് സർക്കാർ സാങ്കേതിക കമ്മിറ്റിക്ക് ബോദ്ധ്യം വരുന്ന തരത്തിലാകണം.
പാൽവില നിർണയത്തിന് സർക്കാർ ചുമതലപ്പെടുത്തുന്ന കമ്മിറ്റി ഉത്പാദക പ്രതിനിധിയും ഉപഭോക്തൃ പ്രതിനിധിയും സാങ്കേതിക വിദഗ്ദരും ഉൾപ്പെട്ടതാകണം. പാലിലെ ഖരപദാർത്ഥത്തിന്റെ അളവ് കൂടി പരിഗണിച്ച് ഡബിൾ ടോൺഡ്, ടോൺഡ്, സ്റ്റാന്റേർഡൈസ്ഡ് മിൽക്കുകൾക്ക് വില്പന വില നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യവും മിൽമയ്ക്ക് നൽകണം. ഇക്കാര്യം സത്വരമായി നടപ്പിലാക്കിയാൽ ക്ഷീരമേഖലയും മിൽമയും ഉത്പാദകരും ഉപഭോക്താക്കളും രക്ഷപ്പെടും.
ചില അയൽ സംസ്ഥാനങ്ങൾ സഹകരണ സംഘം സംഭരിക്കുന്ന പാലിൽ സബ്സിഡി എന്ന പരീക്ഷണം നോക്കി. ആ പരീക്ഷണം വിജയിച്ചില്ല. സഹകരണ സംഘങ്ങൾ സംഭരിക്കുന്ന പാലിന് ആനുപാതികമായി സബ്സിഡി നൽകുന്ന രീതി കേരള സർക്കാർ നടപ്പിലാക്കിയത് വിജയകരമായി. ഉത്പാദന ചെലവ് ലഘൂകരിക്കാൻ ഇത് സഹായിക്കും. സബ്സിഡി വർദ്ധിപ്പിക്കേണ്ടതുണ്ട്.
തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി ഓരോ പത്ത് ലിറ്റർ പാൽ പ്രാഥമിക ക്ഷീരസംഘങ്ങളിൽ നൽകുന്ന കർഷകനും ദിവസവേതനം നൽകിയാൽ പാലുത്പാദനത്തിൽ കേരളം കുതിച്ചുചാട്ടം നടത്തും.
തൊഴിലുറപ്പ് പദ്ധതി കാലിത്തീറ്റ പുല്ല് കൃഷിക്കും പ്രയോജനപ്പെടുത്താം. നൂറ് കിലോ വീതം പച്ചപ്പുല്ല് ക്ഷീരസഹകരണ സംഘം മുഖേന വില്ക്കുന്നവർക്ക് ഒരു ദിവസത്തെ വേതനം നൽകിയാൽ പശുക്കളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാം.
പഞ്ചാബ്, ഹരിയാന, യു.പി പോലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കാർഷിക അവശിഷ്ടങ്ങൾ തീയിട്ട് നശിപ്പിക്കുന്നത് ഡൽഹിയിലും മറ്റും അന്തരീക്ഷ മലിനീകരണം രൂക്ഷമാക്കുന്നു. ഈ വൈക്കോൽ മൊളാസസ് / ശർക്കര ചേർത്ത് കട്ടകളായി രൂപാന്തരപ്പെടുത്തി കേരളത്തിലെത്തിക്കാനുള്ള ബൃഹദ് പദ്ധതി നടപ്പിലാക്കണം. ഗോതമ്പ്, ചോളം, നെല്ല് എന്നിവയുടെ വൈക്കോൽ കൂടാതെ പയറുവർഗങ്ങളുടെ ചെടികളെയും പരിഗണിക്കണം.
ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം വലിയ ചോദ്യചിഹ്നമായ സാഹചര്യത്തിൽ ട്രെയിനിൽ കൊണ്ടുവരുന്നതിന്റെ ചെലവിന്റെ മൂന്നിലൊന്ന് ഡൽഹി സർക്കാർ വഹിക്കട്ടെ. ബാക്കി മൂന്നിൽ രണ്ട് ഭാഗം യൂണിയൻ ഗവൺമെന്റ് വഹിക്കണം. നാലഞ്ച് സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നത്തിൽ പ്രതിവിധി ആകുമെന്നതിനാൽ കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ വിമുഖത കാണിക്കില്ലെന്ന് കരുതാം. വൈക്കോൽ കട്ടകൾ ജലഗതാഗതമാർഗ ഗതാഗതം കൊണ്ടുവരാൻ കഴിയുന്ന സ്ഥലങ്ങളിൽ ചെലവ് കുറയ്ക്കാം.
കേരളത്തിലെത്തുന്ന വൈക്കോൽ കട്ടകൾ പ്രാഥമിക ക്ഷീരസംഘങ്ങളിലെത്തിക്കുന്ന ചെലവ് കേരള സംസ്ഥാന സർക്കാർ വഹിക്കണം. പ്രാഥമിക ക്ഷീരസംഘങ്ങൾ കർഷകർക്ക് തുലോം തുച്ഛമായ /നാമമാത്രമായ വിലയ്ക്ക് ഈ വൈക്കോൽ കട്ടകൾ വിൽക്കണം. കേരളത്തിലെ ക്ഷീരവികസനരംഗം സ്വയംപര്യാപ്തതയിൽ എത്തുന്നതിന് ഇത് തീർച്ചയായും സഹായകമാകും. ഉന്നതതല ചർച്ചകളും സാമൂഹ്യപ്രതിബദ്ധതയുള്ള തീരുമാനങ്ങളും ആവശ്യമായ പരിപാടിക്ക് കേരള സർക്കാർ മുൻകൈയെടുത്ത് കാലതാമസം കൂടാതെ നടപ്പിലാക്കിയാൽ ഉപഭോക്താക്കൾക്കും വളരെയധികം സഹായകമാകും. കായികക്ഷമതയും ബുദ്ധിവികാസവും ഉറപ്പാക്കുന്ന ഗുണമേന്മയേറിയ പാലിന്റെ ലഭ്യത ഉപഭോക്താവിന് ഉറപ്പാക്കുകയും ചെയ്യാം.
ലേഖകന്റെ ഫോൺ : 9446346811