hh

തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരത്തിന്റെ പേരിൽ ബോധപൂർവം കലാപം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. സംഘർഷമുണ്ടാക്കി നാട്ടിലെ ശാന്തിയും സമാധാന അന്തരീക്ഷവും തകർക്കാൻ ആരും ശ്രമിക്കരുത്. യാഥാർത്ഥ്യ ബോധത്തോടെ പെരുമാറാൻ സമരക്കാർ തയ്യാറാകണമെന്നും ആന്റണി രാജു ആവശ്യപ്പെട്ടു.

പൊലീസും സർക്കാരും ഇതുപോലെ ആത്മസംയമനം പാലിച്ച സമരം വേറെയുണ്ടാകില്ല. ഇത് ദൗർബല്യമായി കാണരുത്. സമരം അവസാനിപ്പിക്കാൻ സാദ്ധ്യമായതെല്ലാം സർക്കാർ ചെയ്തെന്നും ആന്റണി രാജു പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷത്തിൽ തുറമുഖ നിർമ്മാണത്തിനെതിരെ സമരം ചെയ്യുന്നവരുടെ പേരിൽ പൊലീസ് കേസെടുത്തു. ഒമ്പത് കേസുകളാണ് രജിസ്റ്റർ ചെയ്തത്. വധശ്രമം, ഗൂഢാലോചന, കുറ്റകരമായ സംഘം ചേരൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ‌ഡോ. തോമസ് ജെ. നെറ്റോയാണ് ഒന്നാം പ്രതി. . സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ് ഉൾപ്പെടെ അമ്പതോളം വൈദികരും പ്രതിപ്പട്ടികയിലുണ്ട്. തുറമുഖത്തെ അനുകൂലിക്കുന്ന ജനകീയ സമരസമിതിക്ക് എതിരെ ഒരു കേസും എടുത്തിട്ടുണ്ട്.

അതിനിടെ സമരം ചെയ്യുന്നവരെ അടിച്ചൊതുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സമരസമിതി ജനറൽ കൺവീനർ യൂജിൻ പെരേര ആരോപിച്ചു. അദാനി കമ്പനിക്ക് തുറമുഖ നിർമ്മാണവുമായി മുന്നോട്ട് പോകാമെന്ന കോടതി വിധിക്കെതിരെ നാളെ അപ്പീൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.