vizhinjam

തിരുവനന്തപുരം: തുറമുഖ വിരുദ്ധസമരക്കാരുടെ പ്രതിഷേധം അക്രമാസക്തമായതിന് പിന്നാലെ വിഴിഞ്ഞത്ത് മദ്യ നിരോധനം പ്രഖ്യാപിച്ചു. വിഴിഞ്ഞം സ്റ്റേഷൻ പരിധിയിൽ വരുന്ന മദ്യവിൽപ്പന ശാലകൾ നവംബർ 28 മുതൽ ഡിസംബർ നാല് വരെ തുറന്ന് പ്രവർത്തിക്കില്ല എന്ന് കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. പ്രതിഷേധം സംഘർഷാവസ്ഥയിലേയക്ക് കടന്നതിന് പിന്നാലെയാണ് തീരുമാനമെന്ന് കളക്ടർ അറിയിച്ചു.

പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ പിടിയിലായ പ്രതിയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി സ്റ്റേഷനിൽ ചിലർ എത്തിയതാണ് പിന്നീട് സംഘർഷത്തിലേയ്ക്ക് നയിച്ചത്. പിടിയിലായ ആളെ വിട്ട് കിട്ടണമെന്ന ആവശ്യവുമായി സ്റ്റേഷനിലെത്തിയവർ സമരവുമായി ബന്ധപ്പെട്ട കേസിൽ പ്രതിച്ചേർക്കപ്പെട്ടവരാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് ഇവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതാണ് ആക്രമണത്തിന് തുടക്കമിട്ടതെന്നാണ് വിവരം. തുടർന്ന് ആയിരക്കണക്കിന് പ്രദേശവാസികൾ സ്റ്റേഷൻ വളയുകയും അടിച്ച് തകർക്കുകയുമായിരുന്നു. സമീപകാലത്ത് സംസ്ഥാനത്ത് എവിടെയും സംഭവിച്ചിട്ടില്ലാത്ത തരത്തിലെ ആക്രമണത്തിൽ നിരവധി പൊലീസുകാർക്കും ഒപ്പം മാദ്ധ്യമപ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ നഗരത്തിലെ ആശുപത്രിയിലേയ്ക്ക് ആംബുലൻസിൽ എത്തിക്കുന്നതിനും കൂടുതൽ പൊലീസിനെ സംഭവസ്ഥലത്ത് എത്തിക്കുന്നതിലും കാലതാമസം നേരിടുകയുണ്ടായി. പൊലീസ് അക്രമികൾക്കെതിരെ ഗ്രനേഡും കണ്ണീർ വാതകവും പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു