
ടോക്കിയോ : പാട്ടിന്റെ താളത്തിനൊത്ത് തലയാട്ടാനും ആസ്വദിക്കാനും മനുഷ്യന് മാത്രമേ കഴിയൂ എന്നാണ് കരുതിയെങ്കിൽ തെറ്റി. എലികൾക്കും പാട്ട് ആസ്വദിക്കാനും താളത്തിനൊത്ത് പ്രതികരിക്കാനും കഴിയുമത്രെ. ലേഡി ഗാഗ മുതൽ മൊസാർട്ട് വരെ ആരുടെ സംഗീതത്തിനൊത്തും ' വൈബ്" ആകാൻ എലികൾക്ക് കഴിയുമെന്ന് ശാസ്ത്ര ജേണലായ സയൻസ് അഡ്വാൻസസിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. യൂണിവേഴ്സിറ്റി ഒഫ് ടോക്കിയോയിലെ മെക്കാനിക്കൽ എൻജിനിയറായ ഹിരോകാഷൂ റ്റകാഹാഷിയുടെ നേതൃത്വത്തിലായിരുന്നു ഗവേഷണങ്ങൾ. മനുഷ്യനെ കൂടാതെ തത്തകൾക്കും സംഗീതത്തോട് പ്രതികരിക്കാനുള്ള കഴിവുണ്ടെന്ന് മുൻകാലങ്ങളിൽ തെളിയിക്കപ്പെട്ടതാണ്. പഠന വിധേയമായ എലികളുടെ ശരീരത്തിൽ ശസ്ത്രക്രിയയിലൂടെ വയർലെസ് ആക്സിലെറോമീറ്ററുകൾ ഘടിപ്പിച്ചിരുന്നു. മൊസാർട്ടിന്റെ സൊണാറ്റ എലികളെ കേൾപ്പിച്ച ഗവേഷകർ അവയിലുണ്ടായ പ്രതികരണങ്ങൾ നേരിട്ടും വയർലെസ് ആക്സിലെറോമീറ്ററുകളിലൂടെയും നിരീക്ഷിച്ചു. ലേഡി ഗാഗയുടെ ' ബോൺ ദിസ് വേ", മൈക്കൽ ജാക്‌സന്റെ ' ബീറ്റ് ഇറ്റ് " തുടങ്ങിയ ഹിറ്റ് ഗാനങ്ങളും എലികൾക്ക് കേൾപ്പിച്ചു.
അതേ സമയം, താളത്തിനൊത്ത് എലികൾ തലയാട്ടുന്നുണ്ടെങ്കിലും അർത്ഥം അവർ അത് ആസ്വദിക്കുവെന്ന് അർത്ഥമാക്കാനാകില്ലെന്നാണ് ഗവേഷകർ പറയുന്നത്. മനുഷ്യരുടെ കാര്യത്തിൽ ഒരു പാട്ടിനെ അഭിനന്ദിക്കുന്നതിനായാണ് തലയാട്ടുന്നത്. എന്നാൽ എലികളിലെ പ്രതികരണം അങ്ങനെയാകണമെന്നില്ല. സംഗീതം എലികളുടെ തലച്ചോറിനെ ഉത്തേജിപ്പിക്കുന്നു.
എന്നാൽ അവ സംഗീതം മനുഷ്യരെ പോലെ ആസ്വദിക്കുകയോ ഗ്രഹിക്കുകയോ ചെയ്യുന്നതിന് തെളിവില്ല. ഇത് സംബന്ധിച്ച് വ്യക്തതകൾ വരുത്താനുള്ള പഠനങ്ങളിലാണ് ഗവേഷകർ. സംഗീതത്തിന്റെ ഗുണങ്ങൾ തലച്ചോറിന്റെ ചലനാത്മകതയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്താനാകുമെന്ന് ഗവേഷകർ പറയുന്നു.