
അൻപത് കോടിയോളം വാട്‌സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ടുകൾ. ഉപയോക്താക്കളുടെ ഫോൺ നമ്പറുകൾ അടങ്ങിയ ഡാറ്റാബേസ് ഒരു ഹാക്കിംഗ് കമ്മ്യൂണിറ്റി ഫോറത്തിൽ വിൽപ്പനയ്‌ക്കെത്തിച്ചെന്നാണ് പുറത്തുവരുന്ന വിവരം.
84 രാജ്യങ്ങളിൽ നിന്നുള്ള വാട്‌സാപ്പ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നിട്ടുണ്ടെന്ന് സൈബർ ന്യൂസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഈ ഹാക്കിംഗ് സൈറ്റിൽ യുഎസിൽ നിന്നുള്ള 32 ദശലക്ഷം ഉപയോക്താക്കളുടെ വിവരങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈജിപ്ത്, ഇറ്റലി, ഫ്രാൻസ്, യുകെ, റഷ്യ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ വിവരങ്ങളും ഇതിലുൾപ്പെടുന്നു.
യുഎസ് ഡാറ്റകൾ 7,000 ഡോളറിനും യു കെയുടേതിന് 2,500 ഡോളർ വിലവരുമെന്നാണ് റിപ്പോർട്ടുകൾ. മെറ്റായുടെ ഉടമസ്ഥതയിലുള്ള ഒരു പ്ലാറ്റ്‌ഫോമിൽ ഡാറ്റ ചോരുന്നത് ഇത് ആദ്യത്തെ സംഭവമല്ല. കഴിഞ്ഞ വർഷം, ഇന്ത്യയിൽ നിന്നുള്ള ആറ് ദശലക്ഷം റെക്കോർഡുകൾ ഉൾപ്പടെ 500 ദശലക്ഷത്തിലധികം ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായി ആരോപണമുയർന്നിരുന്നു.