
ബാങ്കോക്ക്: ഒരു വന്യജീവിയാണെങ്കിലും പലപ്പോഴും വനാതിർത്തിയോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളിലെ സാധാരണ കാഴ്ചയാണ് കുരങ്ങുകൾ. മനുഷ്യർ അത്രയ്ക്ക് ഭയക്കുന്ന തരത്തിലുള്ളവരല്ല കുരങ്ങുകൾ. നാട്ടിലിറങ്ങി ചിലപ്പോൾ നിരവധി നാശനഷ്ടങ്ങൾ ഇവ വിതയ്ക്കാറുണ്ട്. എന്നാൽ കുരങ്ങുകളെ കാണാൻ വിനോദ സഞ്ചാരികൾ കൂടുതലായി എത്തുന്ന ഒരു ഗ്രാമമുണ്ട് തായ്ലൻഡിൽ. ആ ഗ്രാമത്തിന്റെ വരുമാനം ഉയർത്തുന്നതിൽ ഒരു മുഖ്യ പങ്ക് വഹിച്ചത് അവിടുത്തെ കുരങ്ങുകളാണ്. ബാങ്കോക്കിൽ നിന്ന് ഏകദേശം 150 കിലോമീറ്റർ വടക്കാണ് ലോപ്ബുരി എന്ന ഈ ഗ്രാമം ഉള്ളത്. ഇവിടെ കുരങ്ങുകളെ കാണാൻ ദിവസവും നിരവധി വിനോദസഞ്ചാരികളാണ് എത്തുന്നത്.

കഴിഞ്ഞ ദിവസം ഇവിടെ നടന്ന കുരങ്ങ് വിരുന്നാണ് ഇപ്പോൾ ഏറെ ചർച്ചയാകുന്നത്. ഈ ഗ്രാമത്തിലേയ്ക്ക് വിനോദ സഞ്ചാരികളെ കൊണ്ടു വരുന്നതിന്റെ നന്ദി സൂചകമായി ഇവിടുത്തെ ജനങ്ങൾ എല്ലാ വർഷവും കുരങ്ങുകൾക്കായി വിവിധ പരിപാടികൾ ഒരുക്കാറുണ്ട്. ഈ വർഷം ജനങ്ങൾ ഇതിനായി തിരഞ്ഞെടുത്തത് 'കുരങ്ങ് വിരുന്നാണ്'. ക്ഷേത്രത്തിന് മുന്നിൽ പാത്രങ്ങളും പിടിച്ച് നിൽക്കുന്ന കുരങ്ങ് പ്രതിമകളിൽ ഭക്ഷണം വച്ച് കൊടുക്കുകയായിരുന്നു പരിപാടിയുടെ ഭാരവാഹികൾ. ഇത് കഴിക്കാൻ ഏകദേശം 1000ലധികം കുരങ്ങുകളാണ് എത്തിയത്. വീക്ഷിക്കാൻ നിരവധി വിനോദ സഞ്ചാരികളും അവിടെ എത്തിയിരുന്നു.
എല്ലാ വർഷവും ലോപ്ബുരിയിലേയ്ക്ക് വിനോദസഞ്ചാരികളെ എത്തിക്കാൻ പ്രോത്സാഹിപ്പിക്കുന്ന പരിപാടിയാണ് ഇതെന്ന് ഫെസ്റ്റിവൽ സ്ഥാപകർ പറഞ്ഞു. മനുഷ്യരുമായി കൂടുതൽ ഇണക്കം കാണിക്കുന്ന കുരങ്ങുകളാണ് ഇവിടെയുള്ളത്. അവയുടെ കുസൃതിയും ചെറുതൊന്നുമല്ല.