
ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ മത്സരം ലോകത്തിന് ലഹരിയാണ്. ലോകത്തെ ഫുട്ബാൾ പ്രേമികൾ പ്രധാന ചേരികളിൽ നിലയുറപ്പിച്ചു കഴിഞ്ഞു. കേരളത്തിൽ മുമ്പില്ലാത്ത വിധം മുക്കിലും മൂലയിലും പ്രധാന കളിക്കാരുടെ വലിയ കട്ടൗട്ടുകൾ നിരക്കുന്നു. സൗഹൃദ മത്സരങ്ങൾ നടത്തുന്നു. എങ്ങും ഫാൻസ് അസോസിയേഷനുകളുടെ ആഹ്ലാദ ആരവങ്ങൾ. കളി കാണാൻ പലയിടങ്ങളിലും ബിഗ് സ്ക്രീനുകൾക്കു മുമ്പിൽ ജനക്കൂട്ടം. വീടിനുള്ളിൽ പക്ഷംപിടിച്ച് കുടുംബാംഗങ്ങളുടെ ചർച്ചകൾ. കളിയെക്കുറിച്ച് വലിയ ധാരണയില്ലാത്ത കൊച്ചുകുട്ടികളും മുതിർന്നവരും ഏതെങ്കിലും ഒരു ടീമിന്റെ പക്ഷംപിടിച്ച് വാദിക്കുന്നു.
എന്നാൽ, ഫുട്ബാൾ പ്രേമം അതിരുവിടുന്നോ എന്ന് ആശങ്കയുണ്ടാക്കുന്ന രീതിയിലാണ് കുറച്ച് ദിവസം മുൻപ് സംസ്ഥാനത്തുണ്ടായ സംഭവ വികാസങ്ങൾ. ആദ്യ മത്സരത്തിൽ അർജന്റീന സൗദി അറേബ്യയോട് പരാജയപ്പെട്ടപ്പോൾ അത് നാം കണ്ടു. അതിരുകടന്ന വികാരവിക്ഷോഭങ്ങൾ ചിലയിടങ്ങളിൽ അടിപിടിയിലേക്കുവരെ ചെന്നെത്തി.
ലോകകപ്പ് മത്സരങ്ങൾ തുടരുകയാണ്. ഒരു മാസത്തോളം ശക്തമായ മത്സരങ്ങൾ നടക്കും. അണികളുടെ അനാരോഗ്യകരമായ വൈകാരിക മത്സരങ്ങളും കായിക ഏറ്റുമുട്ടലുകളും തുടർന്നാൽ എന്താകും സ്ഥിതി? യുക്തിസഹവും സഹിഷ്ണുതയോടും കൂടിയ സമീപനമല്ലേ നല്ലൊരു കായികപ്രേമി കൈക്കൊള്ളേണ്ടത് ?
കളികൾക്കും കായിക മത്സരങ്ങൾക്കുമുള്ള പ്രാധാന്യവും സ്ഥാനവും ലോകമെമ്പാടും അംഗീകരിച്ചിട്ടുള്ളതാണ്. കളിക്കാരന്റെ കായികക്ഷമത എന്നതുപോലെ തന്നെ പ്രധാനമാണ് സാമൂഹിക ഗുണങ്ങളുടെയും മൂല്യങ്ങളുടെയും വികാസമെന്ന് ഒളിമ്പിക്സ് ചാർട്ടറിൽ പറയുന്നു. സഹകരണം, സഹിഷ്ണുത, വിജയത്തെ അംഗീകരിക്കൽ, സഹായിക്കാനുള്ള മന:സ്ഥിതി, ക്ഷമ, സംഘബോധം തുടങ്ങിയവ വളർത്താനുള്ള അവസരങ്ങളാണ് ഇത്തരം കളികളും മത്സരങ്ങളും. 'ലോകരാജ്യങ്ങളിലെ ജനങ്ങൾ തമ്മിലുള്ള സൗഹൃദം വളർത്തുക' എന്ന മഹത്തായ ലക്ഷ്യവും ഒളിമ്പിക്സ് ചാർട്ടർ മുന്നോട്ടു വയ്ക്കുന്നു. പ്രശസ്ത ജർമ്മൻ ഫുട്ബാൾ കളിക്കാരൻ ലൂഥർ മെറ്റയോഴ്സ് (Lothar Matthauട) ഫുട്ബാൾ കളിയെപ്പറ്റി പറയുന്നത് എത്ര പ്രസക്തമാണെന്നു കേൾക്കുക.' ഭാഷ, മതം, വർണം തുടങ്ങിയ യാതൊരുവിധ വിവേചനങ്ങൾക്കും ഫുട്ബാൾ കളിയിൽ ഒരു സ്ഥാനവുമില്ല. ഇത് ജനങ്ങളെ ഒന്നിപ്പിക്കുന്നു. നിരവധി പ്രതിസന്ധികളും അഭിപ്രായ ഭിന്നതകളും നിറഞ്ഞ ലോകത്താണ് നാം ജീവിക്കുന്നത്. രാജ്യത്തിന്റെ അതിരുകൾക്ക് അതീതമായി ജനങ്ങൾ ഒന്നായി കൈകോർത്ത് മനോഹരമായ ഈ കളി ആഘോഷിക്കാൻ ഫിഫ ലോകകപ്പ് പകരുന്ന ശക്തിയ്ക്ക് നന്ദി പറയുന്നു.'എത്ര മഹത്തായ സന്ദേശമാണിത്. ഇതുൾക്കൊള്ളാൻ നമ്മുടെ ഫുട്ബാൾ പ്രേമികൾ തയ്യാറാകണം. എല്ലാ ടീമുകളിലെയും നല്ല കളിക്കാരെ അഭിനന്ദിക്കണം. കളികൾ ആസ്വദിക്കണം. ചില ടീമുകളോട് നമുക്ക് താത്പര്യമുണ്ടാകാം. എന്നാൽ ടീമിനോടുള്ള അമിതമായ മമതയോ ശത്രുതയോ മനസിൽവച്ചുകൊണ്ട് ഇത് സാധിക്കില്ല. ഇക്കാര്യത്തിൽ തുറന്ന മനഃസ്ഥിതിയാണ് വേണ്ടത്. ഇങ്ങനെ സ്പോട്സ്മാൻ സ്പിരിറ്റോടുകൂടി ലോകകപ്പ് കാണാം. യാതൊരു പിരിമുറുക്കവും വൈകാരിക അടിമത്തവും ഇല്ലാതെ നമുക്ക് ആഹ്ലാദിക്കാം ലോകത്തോടൊപ്പം.
( ലേഖകൻ പത്തനംതിട്ട ഡയറ്റ് റിട്ട. പ്രിൻസിപ്പലാണ് )