ennalum-sarath

കഥ,തിരക്കഥ,സംഭാഷണം,സംവിധാനം ബാലചന്ദ്ര മേനോൻ. മലയാളസിനിമയിൽ ഈ ടൈറ്റിൽ കാർഡ് തെളിയുമ്പോൾ കുടുംബപ്രേക്ഷകരും സ്ത്രീകളും യുവാക്കളും ഒന്നടങ്കം തീയറ്ററിൽ ഇരുന്ന് ആസ്വദിച്ച് സിനിമ കണ്ടിരുന്ന ഒരു വസന്തകാലമുണ്ടായിരുന്നു. നീണ്ട ഒരിടവേളയ്ക്ക് ശേഷമാണ് അദ്ദേഹം 'എന്നാലും ശരത്' എന്ന ചിത്രവുമായി 2018ൽ എത്തിയത്. പുതിയകാലത്തിന്റെ മാറ്റങ്ങളോടെ എത്തിയ ആ ചിത്രം പ്രേക്ഷകർ തിയേറ്ററിൽ ഏറ്റെടുത്തില്ല. ഇപ്പോഴിതാ വീണ്ടും എന്നാലും ശരത്ത് എന്ന തന്റെ

ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുകയാണ് മേനോൻ.

എലിസബത്ത് എന്ന അനാഥയായ പെൺകുട്ടിയെ കേന്ദ്രികരിച്ച് വികസിക്കുന്ന ഒരു കഥയാണിത്. ആരംഭത്തിൽ തന്നെ അവൾ മരണപ്പെടുന്നു. കൊലപാതക സൂചനകൾ ലഭിക്കുന്ന പോലീസ് കേസ് അന്യേഷണം തുടങ്ങുന്നു. തുടർന്ന് എലിസബത്തിനെ ചുറ്റിപറ്റിയുള്ള ചില ഫ്ളാഷ്ബാക്ക് രംഗങ്ങൾ. അവളുടെ സുഹൃത്ത് മിഷേൽ, ശരത്ത്, സാം എന്നീ കഥാപാത്രങ്ങൾ കടന്നുവരുന്നു.

ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൽ നിധി അരുൺ, നിത്യാ നരേഷ്, ചാർളി ജോ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ലാൽജോസ്, ജൂഡ് ആന്റണി ജോസഫ്, അജു വർഗീസ്, ജോയ് മാത്യു, സുരഭി ലക്ഷ്മി, ദിലീഷ് പോത്തൻ, അഖിൽ വിനായക് തുടങ്ങിയവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്. സാം എന്ന ഡോക്ടറുടെ വേഷത്തിൽ ബാലചന്ദ്ര മേനോനും പതിവ് പോലെ സിനിമയിലെ മർമ്മപ്രധാനമായ വേഷം കൈകാര്യം ചെയ്തിരിക്കുന്നു.

റഫീക്ക് അഹമ്മദ്, ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് ഔസേപ്പൻ ഈണമിട്ട ഗാനങ്ങളും പശ്ചാത്തല സംഗീതവും മികവ് പുലർത്തുന്നവയാണ്. ബാലചന്ദ്ര മേനോന്റെ യൂട്യൂബ് ചാനലായ ഫിൽമി ഫ്രൈഡേയ്‌സിലൂടെയാണ് എന്നാലും ശരത് റിലീസ് ആകുന്നത്.