
ജനീവ: വൈറസായ മങ്കിപോക്സ് ഇനി 'എംപോക്സ്" എന്നാകുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ലിയു.എച്ച്.ഒ) അറിയിച്ചു. മങ്കിപോക്സ് എന്ന പേര് ആഗോള തലത്തിൽ തെറ്റിദ്ധാരണയുണ്ടാക്കുന്നതും അപകീർത്തികരവും വിവേചനപരവുമാണെന്നുള്ള പരാതികളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. അതേസമയം ഒരു വർഷത്തേക്ക് ഈ രണ്ട് പേരുകളും ഉപയോഗത്തിലുണ്ടാകും. അതിന് ശേഷം 'മങ്കിപോക്സി"നെ പൂർണമായി ഒഴിവാക്കുമെന്നും ഡബ്ലിയു.എച്ച്.ഒ അറിയിച്ചു.
ആഗോള വിദഗ്ദ്ധരുമായുള്ള കൂടിയാലോചനകൾക്ക് ശേഷമാണ് എംപോക്സ് എന്ന് ഉപയോഗിച്ചു തുടങ്ങാൻ ഡബ്ലിയു.എച്ച്.ഒ തീരുമാനിച്ചത്.
1958ൽ ലോകത്ത് ആദ്യമായി ലബോറട്ടറി കുരങ്ങുകളിലാണ് മങ്കിപോക്സ് വൈറസിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്. ഇതോടെയാണ് മങ്കിപോക്സ് എന്ന പേര് ഉത്ഭവിച്ചത്. എന്നാൽ, കുരങ്ങുകൾ മാത്രമല്ല, അണ്ണാൻ, എലി തുടങ്ങിയവയും മങ്കിപോക്സ് വൈറസുകളുടെ വാഹകരാണെന്ന് പിന്നീട് കണ്ടെത്തി. വസൂരിക്ക് കാരണമായ ഓർത്തോപോക്സ് വൈറസ് ജീനസിൽപ്പെട്ടതാണ് മങ്കിപോക്സ് വൈറസ്.