തിരുവനന്തപുരം: കോർപ്പറേഷനിലെ നിയമന കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് സംഘം സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ മൊഴി രണ്ട് ദിവസത്തിനുള്ളിൽ രേഖപ്പെടുത്താൻ സാദ്ധ്യത. മേയറുടെയും കോർപ്പറേഷനിലെ ജീവനക്കാരുടെയും മൊഴിയാണ് ഇതുവരെ രേഖപ്പെടുത്തിയത്. കോർപ്പറേഷനിലെ രണ്ട് ജീവനക്കാരുടെ മൊഴി കൂടി രേഖപ്പെടുത്തിയശേഷം ആനാവൂരിന്റെ മൊഴി രേഖപ്പെടുത്താനാണ് തീരുമാനം.
പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കുന്ന സമയത്ത് ആനാവൂർ നാഗപ്പനിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു. മേയറുടെ പേരിൽ പുറത്തുവന്ന കത്ത് സി.പി.എം ജില്ലാ സെക്രട്ടറിക്കാണ് എഴുതിയിരുന്നത്. ഇത്തവണ ആനാവൂരിന്റെ മൊഴി വിശദമായി രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ തീരുമാനം. കത്ത് തങ്ങൾ തയ്യാറാക്കിയതല്ലെന്നാണ് മേയറും കോർപ്പറേഷൻ ഓഫീസിലെ ജീവനക്കാരും പറയുന്നത്. പ്രാഥമിക മൊഴിയെടുപ്പുകൾക്ക് ശേഷമേ ശാസ്ത്രീയ പരിശോധന അടക്കമുള്ള അടുത്ത ഘട്ടത്തിലേക്ക് അന്വേഷണ സംഘം കടക്കുകയുള്ളൂ.