
കൊതുകിന്റെ മൂളിപ്പറക്കലും കടിയും കൊണ്ട് അക്ഷമരായിട്ടുള്ളവർക്ക് ഇനി വേറെയും ചില കാര്യങ്ങൾ ഭയക്കേണ്ടി വരും. കൊതുക് കടിയേൽക്കുന്നത് പലർക്കും ഒരു നിത്യ സംഭവം തന്നെയാണ് എത്രയൊക്കെ മുൻകരുതലെടുത്താലും അതൊക്കെ കടന്നെത്തുന്ന കൊതുകുകൾ ചോരയൂറ്റി പകരം പലതരം രോഗാണുക്കൾ നമ്മുടെ ശരീരത്തിലേയ്ക്ക് കടത്തിവിടാറുണ്ട് എന്ന കാര്യത്തിൽ നമ്മൾ ബോധവാൻമാരാണ്. എന്നാൽ ജർമനിയിലെ ഒരു യുവാവ് കൊതുക് കടി കൊണ്ട് മരണത്തെ മുഖാമുഖം കണ്ടു എന്ന വാർത്ത ഏവരിലും ഞെട്ടലുളവാക്കിയിരിക്കുകയാണ്.
27-കാരനായ സെബാസ്റ്റ്യന് കൊതുക് കടി മൂലം 30 ശസ്ത്രക്രിയകൾക്കാണ് വിധേയനാകേണ്ടി വന്നത്. കൊതുക് കടി മൂലം കോമയിലായ ഇയാൾക്ക് ഒരു മാസത്തോളം ആശുപത്രിയിൽ തുടരേണ്ടിയും വന്നു. സെബാസ്റ്റ്യനെ ഗുരുതരമായ അവസ്ഥയിലാക്കിയത് ഏഷ്യൻ ടൈഗർ വിഭാഗത്തിൽപ്പെട്ട കൊതുകിന്റെ കടിയായിരുന്നു. തുടക്കത്തിൽ പനി അടക്കമുള്ള ലക്ഷണങ്ങളുമായി ആയിരുന്നു സെബാസ്റ്റ്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാൽ സ്ഥിതി ഗുരുതരമായതിന് പിന്നാലെ കാലിലെ രണ്ട് വിരലുകൾ മുറിച്ച് മാറ്റേണ്ടി വന്നു. രക്തത്തിൽ അണുബാധയുണ്ടാകുകയും വൃക്കയും ഹൃദയവും അടക്കമുള്ള ആന്തരികാവയവങ്ങൾ ഇടയ്ക്കിടെ തകരാറിലാകുന്ന ദുരവസ്ഥയുമുണ്ടായി.
മരണക്കിടക്കയിലായ സെബാസ്റ്റ്യന്റെ യാതനകൾ അവിടെയും അവസാനിച്ചിരുന്നില്ല. കൊതുക് കടി മൂലം ശരീരത്തിൽ പ്രവേശിച്ച മാംസം തീനിയായ ബാക്ടീരിയ സെബാസ്റ്റ്യന്റെ ഇടത് തുടയിലെ ഭാഗങ്ങൾ കഴിച്ച് തീർത്തിരുന്നു. ഇതിനായി ചർമം മാറ്റി വെയ്ക്കുന്ന ശസ്ത്രക്രിയയ്ക്കും അയാൾ വിധേയനായി. ഒടുവിൽ ഡോക്ടർ സംഘത്തിന്റെ ആഴ്ചകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് സെബാസ്റ്റ്യന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടായത്.
രാജ്യം വിട്ട് പുറത്ത് പോയിട്ടില്ലാത്തതിനാൽ നാട്ടിൽ വെച്ച് തന്നെയാണ് കൊതുക് കടിയേറ്റതെന്നാണ് സെബാസ്റ്റ്യന്റെ അഭിപ്രായം. പകൽ സമയങ്ങളിൽ ചോരയൂറ്റാറുള്ള ഏഷ്യൻ ടൈഗർ വിഭാഗത്തിൽപ്പെട്ട കൊതുകുകൾ സാധാരണയായി സിക്കാ വൈറസ്, ചിക്കുൻ ഗുനിയ, ഡെങ്കിപ്പനി എന്നീ രോഗങ്ങൾക്കടക്കം കാരണമാകാറുണ്ട്.