bus

ആര്യനാട്: കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പ്രവർത്തനം അവതാളത്തിൽ. വേണ്ടത്ര ഡ്രൈവർമാരും കണ്ടക്ടർമാരുമില്ലാതെ കുഴയുകയാണ്. ഈ സാഹചര്യത്തിൽ മലയോര മേഖലകളിലേക്കുള്ള യാത്രാക്ലേശം രൂക്ഷമാകുകയാണ്. കൊറോണ കാലത്തിനു മുൻപ് 42 ഷെഡ്യൂളുകൾ ഉണ്ടായിരുന്ന ആര്യനാട്ട് ഇപ്പോൾ 25 ഷെഡ്യൂളുകൾ മാത്രമാണ് നിലവിൽ. ഇതിൽ 21 എണ്ണം മാത്രമേ ദിവസേന തുടങ്ങാറുള്ളൂ.

59 കണ്ടക്ടർമാരും ഡ്രൈവർമാരും വേണ്ടിടത്ത് 41 കണ്ടക്ടർമാരും ഡ്രൈവർമാരും മാത്രമേയുള്ളൂ. ദിവസേന രണ്ടപേരെങ്കിലും ലീവ് എടുക്കുന്ന സ്ഥിതിയുമാണിവിടെ. പ്രതിസന്ധി രൂക്ഷമായിരിക്കമ്പോഴാണ് ശബരിമല ഡ്യൂട്ടിക്ക് വേണ്ടി കണ്ടക്ടർമാരെയും ഡ്രൈവർമാരെയും പമ്പയിലേക്കും ഓച്ചിറയിലേക്കും അയയ്ക്കണമെന്ന് ചീഫ് ഓഫീസിൽ നിന്നും നിർദ്ദേശം വരുന്നത്.

കൺസഷൻ എടുത്ത് യാത്ര ചെയ്യുന്ന നൂറുകണക്കിന് വിദ്യാർത്ഥികൾ ഈ ഡിപ്പോയെ ആശ്രയിച്ചാണിരിക്കുന്നത്. ഷെഡ്യൂളുകൾ ക്യാൻസൽ ആയാൽ വിദ്യാർത്ഥികൾക്ക് ബസ് കിട്ടാതെയാകും. ഈ സാഹചര്യത്തിൽ എന്ത് ചെയ്യണമെന്ന് അറിയാതെ കുഴങ്ങുകയാണ് ഡിപ്പോ അധികൃതരും ജീവനക്കാരും. ചീഫ് ഓഫീസിൽ നിന്നുള്ള നിർദ്ദേശ പ്രകാരം ഒരുമാസം 16 ഡ്യൂട്ടിയെങ്കിലും ചെയ്താലേ ശമ്പളം എഴുതുകയുള്ളൂ. ഇപ്പോഴത്തെ അവസ്ഥയിൽ ജീവനക്കാർക്ക് മുഴുവൻ ശമ്പളം പോലും കിട്ടാത്ത അവസ്ഥയാകും.

ഇനിയും രൂക്ഷമാകും

21 ഷെഡ്യൂളുകൾ മാത്രം ഓപ്പറേറ്റ് ചെയ്ത് പ്രതിമാസം 22 ലക്ഷം രൂപ മിച്ചം വരുന്ന ജില്ലയിലെ ഒരു പ്രധാന ഡിപ്പോയാണ് ആര്യനാട്. ശബരിമല ഡ്യൂട്ടിക്ക് വേണ്ടി കൂടുതൽ ബസും ജീവനക്കാരും ഇനിയും പോവുകയാണെങ്കിൽ ഗ്രാമപ്രദേശങ്ങളിലെയും മലയോരമേഖലയിലെയും യാത്രാ ക്ലേശം രൂക്ഷമാകും.