
സ്ഥലത്ത് റേഞ്ച് ലഭിക്കുന്നില്ല എന്ന പരാതിയെ തുടർന്ന് ബീഹാറിലെ പാട്നയ്ക്കടുത്തുള്ള യാർപൂരിലെ തങ്ങളുടെ മൊബൈൽ ടവർ പരിശോധിക്കാനായി എത്തിയതായിരുന്നു ഒരു സംഘം ഉദ്യോഗസ്ഥർ. എന്നാൽ തങ്ങളുടെ ഉടമസ്ഥതയിലുള്ള ടവർ പരിശോധിക്കാനെത്തിയ സംഘം മൂക്കത്ത് വിരൽ വെച്ച് അമ്പരന്ന് നിൽക്കുകയാണുണ്ടായത്. കാരണം ടവർ സ്ഥാപിച്ചിരുന്നിടം ശൂന്യമാണ്. അവിടെ ടവറിനെ താങ്ങി നിർത്തിയിരുന്ന കോൺക്രീറ്റ് പാളികൾ മാത്രമാണ് ശേഷിക്കുന്നത്. 19 ലക്ഷം രൂപ വിലയുള്ള ഭീമാകാരനായ ടവർ എങ്ങനെ അവിടെ നിന്നും അപ്രത്യക്ഷമായി എന്ന ചോദ്യം മാത്രം ശേഷിച്ചു.
ആദ്യമുണ്ടായ അമ്പരപ്പ് മാറിയതിന് പിന്നാലെ പരിശോധനയ്ക്കെത്തിയ സംഘം ടവറിനായി സ്ഥലം വിട്ട് തന്ന വീട്ടുടമയോട് എന്താണ് ഇവിടെയുണ്ടായത് എന്ന് അന്വേഷിച്ചു. കമ്പനി ഉദ്യോഗസ്ഥർ തന്നെയാണല്ലോ ടവർ ഊരി മാറ്റിക്കൊണ്ട് പോയത് എന്നായിരുന്നു ലഭിച്ച മറുപടി. അപ്പോഴാണ് ആരെയും അമ്പരപ്പിക്കുന്ന തരത്തിൽ അരങ്ങേറിയ ഒരു മോഷണത്തിന്റെ ചുരുളഴിഞ്ഞത്.
വിദഗ്ദമായി തയ്യാറാക്കിയ പദ്ധതി പ്രകാരം രണ്ടാഴ്ച മുൻപായിരുന്നു ടവറിനെ മോഷ്ടാക്കൾ അവിടെ നിന്നും കടത്തിയത്. മൊബൈൽ ടവർ ഉദ്യോഗസ്ഥർ എന്ന് സ്വയം പരിചയപ്പെടുത്തിയ മൂന്ന് പേർ സ്ഥലം ഉടമയോട് കരാർ അവസാനിച്ചതായും അടുത്ത ദിവസം ടവർ ഇവിടെ നിന്നും അഴിച്ച മാറ്റുമെന്നും അറിയിക്കുകയായിരുന്നു. പറഞ്ഞത് പോലെ തന്നെ പിറ്റേ ദിവസം ഇരുപത് പേരോളം അടങ്ങുന്ന സംഘം സ്ഥലത്തെത്തുകയും മൊബൈൽ ടവർ ഭാഗങ്ങളായി അഴിച്ച് മാറ്റുകയും ചെയ്തു. രണ്ട് ദിവസം കൊണ്ട് വിരുതന്മാരായ മോഷണ സംഘം ടവർ പൂർണമായി അഴിച്ച് കടത്തി. മൊബൈൽ കമ്പനി 16 വർഷം മുൻപ് സ്ഥാപിച്ച പടുകൂറ്റൻ ടവറായിരുന്നു മോഷ്ടാക്കൾ ഒരു പൊടി പോലുമില്ലാതെ അവിടെ നിന്നും മാറ്റിയത്.
Bihar crime: After the #bridge, #train #Engine parts, gang steals #mobile tower in #Patna. Read more at: https://t.co/SMZOHNXpBJ pic.twitter.com/oJ46sGVT5o
— Free Press Journal (@fpjindia) November 27, 2022
ഏവരെയും അമ്പരപ്പിച്ച മോഷണത്തിൽ പൊലീസിന് പരാതി നൽകിയെങ്കിലും ഇത് വരെ ഒരു തുമ്പും ലഭിച്ചിട്ടില്ല. ഇത്രയും വലിയ ടവർ പൊളിച്ച് കടത്തിയവർക്ക് പൊലീസിനെ കബളിക്കാനാണോ പ്രയാസം എന്നാണ് വിവരമറിഞ്ഞവരും കൗതുകത്തോടെ ചോദിക്കുന്നത്.