whatsapp

സ്വന്തമായി മെസേജ് അയക്കാവുന്ന സംവിധാനം വാട്‌സാപ്പിൽ നിലവിൽ വന്നു. ങേ എന്ന് കരുതേണ്ട സത്യമാണ് ഇനി മറ്റൊരാൾക്ക് മാത്രമല്ല സ്വന്തമായും മെസേജ് അയക്കാം. വലിയ തിരക്കിന്റെ ലോകത്ത് നമ്മൾ പലകാര്യങ്ങളും മറന്നുപോയതായി വിഷമിക്കാറില്ലേ? എവിടെയെങ്കിലും ഒന്ന് എഴുതിയിടണമെന്നും കരുതാറുണ്ട്. ഇക്കാര്യങ്ങളാണ് ഇനി വാട്‌സാപ്പ് ഉപഭോക്താക്കൾക്ക് സാദ്ധ്യമാകുന്നത്.

വൺ ടു വൺ ഓപ്‌ഷനായി ഉപഭോക്താക്കൾക്ക് സ്വയം കുറിപ്പുകളും ഓർമ്മപ്പെടുത്തലുകളും അയക്കാം. കടയിൽ നിന്നും സാധനം വാങ്ങുന്നതിന്റെയോ മടങ്ങിവരുമ്പോൾ ചെയ്യേണ്ട വീട്ടുജോലിയെ കുറിച്ചോ എല്ലാം ഇത്തരത്തിൽ സന്ദേശം കണ്ട് ഓർത്തെടുക്കാം. വരുന്ന ആഴ്‌ചകളിൽ തന്നെ ഇത് എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാകും. ഇപ്പോൾത്തന്നെ ഇത്തരത്തിൽ ഈ ഫീച്ചർ ഇല്ലാതെ മെസേജ് അയക്കാം. എന്നാൽ ഉപഭോക്താവിന് തന്നെ സഹായകമായ ഫീച്ചർ ആയി മാറുന്നത് ഇപ്പോഴാണ്.

ഈ സംവിധാനം വാ‌ട്‌സാപ്പിൽ കൊണ്ടുവരാൻ ചെയ്യേണ്ടത് ഇത്രമാത്രം. ആദ്യം വാട്‌സാപ്പ് ഓപ്പൺ ചെയ്യുക. ഇനി ക്രിയേ‌റ്റ് ന്യൂ ചാറ്റ് എടുക്കുക. കോണ്ടാക്‌ടുകളിൽ ഏ‌റ്റവും ആദ്യമായി നിങ്ങളുടെ തന്നെ പേര് കാണാം. ഇനി സ്വന്തം പ്രൊഫൈൽ കാണുന്നതിൽ ക്ളിക്ക് ചെയ്‌ത് മെസേജ് അയച്ചോളൂ.

ഇതിന് പുറമേ വാട്‌സാപ്പ് ഡെസ്‌ക്‌ടോപ്പ് ഉപഭോക്താക്കൾക്ക് കോൾ ഹിസ്‌റ്ററി അറിയുന്നതിനുള‌ള ഫീച്ചറും വൈകാതെ വാട്‌സാപ്പ് കൊണ്ടുവരും. ഇതിലൂടെ ഡെസ്‌ക്‌ടോപ്പ് ഉപഭോക്താക്കൾക്ക് വലിയ ഗുണമുണ്ടാകുമെന്നാണ് കരുതുന്നത്.